ദുബായ് എയർപോർട്ട്: സ്വകാര്യ വാഹനങ്ങളിലെത്തി ടെർമിനൽ 1-ലെ അറൈവൽ മേഖലയിൽ നിന്ന് യാത്രികരെ എടുക്കുന്നതിന് നിയന്ത്രണം

featured GCC News

ദുബായ് എയർപോർട്ടിലെ ടെർമിനൽ 1-ലെ അറൈവൽ മേഖലയിൽ നിന്ന് സ്വകാര്യ വാഹനങ്ങളിലെത്തി യാത്രികരെ എടുക്കുന്നതിന് 2023 ജൂൺ 8 മുതൽ നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. 2023 ജൂൺ 8-നാണ് ദുബായ് എയർപോർട്ട് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2023 ജൂൺ 8 മുതൽ ദുബായ് എയർപോർട്ടിലെ ടെർമിനൽ 1-ലെ അറൈവൽ മേഖലയിലേക്കുള്ള പ്രവേശനം പൊതു ഗതാഗതത്തിനുള്ള വാഹനങ്ങൾ, ഔദ്യോഗിക അനുമതിയുള്ള വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമായി നിജപ്പെടുത്തിയതായി എയർപോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ മേഖലയിലെ തിരക്ക് കുറയ്ക്കുന്നതിനാണിത്.

വിമാനത്താവളത്തിലെ ടെർമിനൽ 1-ലെത്തുന്ന യാത്രികരെ സ്വകാര്യ വാഹനത്തിലെത്തി കൂട്ടിക്കൊണ്ട് പോകുന്നതിനായി വരുന്നവർ കാർ പാർക്കിംഗ്, അല്ലെങ്കിൽ വാലറ്റ് പാർക്കിംഗ് സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കാർ പാർക്കിംഗ് നിരക്കുകൾ സംബന്ധിച്ച വിവരങ്ങൾ https://www.dubaiairports.ae/carparking എന്ന വിലാസത്തിൽ ലഭ്യമാണ്.

Cover Image: @DXB.