ഉണരാൻ നേരമായി

Editorial featured
നമ്മുടെ കുട്ടികളുടെ ഭാവി ഇരുളടഞ്ഞതാക്കുന്ന ലഹരി വീടുതേടിയെത്തുന്ന ഈ കാലത്ത് അതിനെതിരെ പോരാടുന്നതിൽ നിയമസംവിധാനത്തിന്റെയും, നിയമപാലകരുടെയും, സർവോപരി സമൂഹത്തിന്റെയും ശക്തമായ ഒറ്റക്കെട്ടായുള്ള പ്രതിരോധത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു ഇന്നത്തെ പ്രവാസി ഡെയിലി എഡിറ്റോറിയൽ. – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

പഠിക്കാൻ മിടുക്കനായിരുന്നു അവൻ. ക്ലാസ്സിൽ ഏവർക്കും പ്രിയപ്പെട്ടവൻ,ശാന്തസ്വഭാവത്തിനുടമ.

എന്നാൽ കുറച്ച് ദിവസങ്ങളായി അവൻ പ്രകടിപ്പിച്ചിരുന്ന മാറ്റങ്ങൾ, പ്രായംകൂടിവരുമ്പോൾ കുട്ടികളിൽ വരുന്ന സ്വാഭാവികമായ മാറ്റങ്ങളായേ വീട്ടുകാർക്ക് തോന്നിയുള്ളു. വീട്ടിൽ വന്നതും നേരെ റൂമിൽ കയറി വാതിലടയ്ക്കും; സംസാരവും നന്നേ കുറഞ്ഞു, വല്ലാത്തൊരു പിടിവാശിയും. ഭക്ഷണം എപ്പോഴെങ്കിലും വന്ന് കഴിച്ചെങ്കിലായി; കൂടെ അസഹനീയമായ ദേഷ്യവും; വാതിൽ കൊട്ടിയടയ്ക്കുക, പാത്രങ്ങൾ നിലത്തിടുക, ഭക്ഷണം പോലും തട്ടിത്തെറിപ്പിക്കുക; അവൻറെ കാര്യങ്ങളിൽ അമിതമായി മാതാപിതാക്കൾ ഇടപെടരുതെന്ന താക്കീതും അവൻ നൽകിത്തുടങ്ങി…

സ്കൂളിൽ അന്ന്വേഷിച്ചപ്പോൾ അവന് യാതൊരു പ്രശ്നവുമില്ലെന്നാണ് അദ്ധ്യാപകർ പറയുന്നതും; ഒന്നും മനസ്സിലാവുന്നില്ല, മോന് നല്ല ബുദ്ധി തോന്നാൻ പ്രാർത്ഥിക്കും അത്രതന്നെ…

രാത്രി ഏറേ വൈകിയും അവൻറെ മുറിയിൽ വെളിച്ചം കാണാം…എന്നും പൈസ കൊടുത്തോളണം അല്ലെങ്കിൽ അവൻ ക്ഷുഭിതനാകും; പാതിരാ കഴിയുമ്പോൾ അടുക്കളയിൽ നിന്നും പാത്രങ്ങളുടെ ശബ്ദവും, ഗ്യാസ് കൊളുത്തുന്ന ശബ്ദവും കേൾക്കാം… “പാവം അവന് വിശക്കുന്നുണ്ടാകും” എന്ന് കരുതി വീട്ടുകാർ കണ്ണടയ്ക്കും… എന്താണീ സമയം ഒരു വിശപ്പെന്ന് ചോദിക്കാൻ ഭയപ്പെട്ട് കഴിയുന്ന മാതാപിതാക്കൾ…

ഒരു ദിവസം അവനിൽ കണ്ട സ്വഭാവ മാറ്റങ്ങൾ ആ കുടുംബത്തെ വല്ലാതെ ഭയപ്പെടുത്തി… അയൽവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് പോലീസ് എത്തി അവനെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി… തുടർന്ന് നടത്തിയ പരിശോധനയിൽ അവൻറെ മുറിയിൽ നിന്നും നിയമം മൂലം നിരോധിക്കപ്പെട്ട, എന്നാൽ നമ്മുടെ സമൂഹത്തിൽ കുട്ടികൾക്കിടയിൽ സുലഭമായി വിറ്റഴിക്കപ്പെടുന്ന ലഹരിപദാർത്ഥങ്ങൾ കണ്ടെത്തി… നാടുമുഴുവൻ കുറ്റപ്പെടുത്തുമ്പോളും നിശബ്ദരായി കണ്ണീരുവറ്റി സമൂഹത്തിനു മുൻപിൽ കുറ്റമൊന്നും ചെയ്യാതെ ഇതുപോലെ തലതാഴ്ത്തി നില്‌ക്കേണ്ടി വരുന്ന മാതാപിതാക്കളുടെ എണ്ണം നാൾക്കുനാൾ കൂടിവരികയാണ്…

നമ്മുടെ കുട്ടികളിലെ മാറ്റങ്ങളെ മുതിർന്നവർ പലപ്പോഴും തെറ്റായ അർത്ഥത്തിലാണ് മനസ്സിലാക്കുന്നത്; അല്ലെങ്കിൽ വേണ്ട രീതിയിൽ അവരിലെ മാറ്റങ്ങൾ മനസ്സിലാക്കുന്നില്ല… ഇൻസ്റ്റാഗ്രാമും, ഫേസ്ബുക്കും, സ്‌നാപ് ചാറ്റും, അനിമേകളും, കില്ലർ ഗെയിമുകളും അവരുടെ ചിന്തകൾക്ക് വരുത്തിയിരിക്കുന്ന മാറ്റങ്ങൾ ലഹരിപോലെ തന്നെ അപകടകരമാണെന്ന് തിരിച്ചറിയണം… ഇന്ന് കുട്ടികളിൽ ലഹരി എത്തിക്കുന്നതിൻറെ വഴികളിൽ മുഖ്യപങ്ക് വഹിക്കുന്നത്തിൽ ഈ പറഞ്ഞ സമൂഹമാധ്യമങ്ങൾക്കുള്ള പങ്ക് ചെറുതല്ല…

അവനവന്റെ സ്വകാര്യതയുടെ ശീതളിമയിൽ ഇരുന്നുകൊണ്ട് അവർ പരിചയപ്പെടുന്ന ലഹരിമരുന്ന് കച്ചവടക്കാർക്ക് പണ്ടുള്ളതുപോലെ പോക്കറ്റടിക്കുന്നവന്റെയൊ, റൗഡിയുടെയോ, ചില്ലറ പുകലവിൽപ്പനക്കാരുടെയോ പതർച്ചയുള്ള മുഖമല്ല മറിച്ച് അഭ്യസ്തവിദ്യരായിട്ടുള്ള ചുറുചുറുക്കുള്ള “ഇതിലോക്കെ എന്ത് തെറ്റിരിക്കുന്നു” എന്ന അരാജക രീതിയിലുള്ള മുഖംകൂടിയുണ്ടെന്ന് തിരിച്ചറിയണം… ഒരു മുറിയിൽ ഇരുന്നാൽ ലഹരി വീടുതേടിയെത്തുന്ന ഈ കാലത്ത് ഉപയോഗിക്കുന്നവരെ ഉപദേശിക്കുന്നതിലും നല്ലത് വിൽക്കുന്നവനെ നിയമത്തിന്റെ കൂടംകൊണ്ട് കൊട്ടി നന്നാക്കുന്നതാകും… കച്ചവടത്തിനായി അവർ അഭയം തേടുന്ന സമൂഹമാധ്യമ കൂടാരങ്ങളിൽ അവരോടൊപ്പം ഒരു നിഴൽപോലെ നടക്കാനറിയുന്ന ഒരു സമൂഹം വളർന്നു വരേണ്ടത് കാലത്തിന്റെ ആവശ്യമായി കരുതി തയ്യാറെടുക്കണം…

ഒന്നോർക്കുക… നട്ടെല്ലുള്ള നിയമസംവിധാനത്തിന് മുൻപിൽ മുട്ടുമടക്കാത്ത ഒരു ലഹരിക്കച്ചവടക്കാരനുമില്ല… പണത്തിൽ മയക്കം നടിക്കാതിരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്… അതുകൊണ്ട്… ഉറക്കമുണർന്ന് പ്രവർത്തിക്കുക… ലഹരിവിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാം…

Pravasi Daily Editorial Team.