പുതിയ അധ്യയന വർഷം: ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങൾ ആദ്യ 2 ആഴ്ച്ച ഓൺലൈൻ പഠനരീതി പിന്തുടരും

UAE

ഓഗസ്റ്റ് 30, ഞായറാഴ്ച്ച മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിലെ ആദ്യ രണ്ട് ആഴ്ചകളിൽ, എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര വിദ്യാഭ്യാസ രീതി പിന്തുടരാൻ തീരുമാനിച്ചതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) വ്യക്തമാക്കി. ഓഗസ്റ്റ് 25-നാണ് SPEA ഇക്കാര്യം അറിയിച്ചത്.

“എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റുമായി ചേർന്ന് 2020-2021 അധ്യയന വർഷത്തിലെ ആദ്യ രണ്ട് ആഴ്ചകളിൽ വിദൂര വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളത്.”, SPEA സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. സാഹചര്യങ്ങൾ അധികൃതർ തുടർച്ചയായി വിലയിരുത്തുന്നതായും, തീരുമാനങ്ങളിലുള്ള മാറ്റങ്ങൾ അപ്പോൾ തന്നെ പൊതുസമൂഹവുമായി പങ്ക് വെക്കുമെന്നും SPEA കൂട്ടിച്ചേർത്തു.

ഷാർജയിലെ വിവിധ സ്വകാര്യ വിദ്യാലയങ്ങൾ പുതിയ അധ്യയന വർഷത്തിൽ നേരിട്ടുള്ള അധ്യയനവും, ഓൺലൈൻ വിദ്യാഭ്യാസ രീതിയും സംയോജിപ്പിച്ചുള്ള സമ്മിശ്ര രീതിയിലുള്ള പഠന സമ്പ്രദായമാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. സ്വകാര്യ വിദ്യാലയങ്ങളിൽ എത്തുന്ന മുഴുവൻ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും COVID-19 ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ പുതിയ തീരുമാനത്തോടെ ഇത്തരം ടെസ്റ്റുകൾ നടത്തുന്നതിന് കൂടുതൽ സമയം ലഭിക്കുന്നതാണ്.