ദുബായ് ഫ്രെയിം, ബീച്ചുകൾ, പാർക്കുകൾ മുതലായവ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും

GCC News

COVID-19 പശ്ചാത്തലത്തിലെ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന ദുബായിലെ പൊതുഇടങ്ങൾ ജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ ദുബായ് മുൻസിപ്പാലിറ്റി തീരുമാനിച്ചു. ദുബായിലെ നിയന്ത്രങ്ങളിൽ ഇളവുകൾ അനുവദിക്കാനുള്ള സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റിന്റെ തീരുമാനത്തിന്റെ തുടർച്ചയായാണ് ജനങ്ങൾക്ക് ഈ പൊതുഇടങ്ങൾ തുറന്ന് കൊടുക്കുന്നത്.

മെയ് 29, വെള്ളിയാഴ്ച്ച മുതൽ ദുബായിലെ പ്രധാനപ്പെട്ട പാർക്കുകൾ, ബീച്ചുകൾ, ദുബായ് ഫ്രെയിം എന്നിവയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യാഴാഴ്ച്ച അറിയിച്ചിട്ടുണ്ട്. JBR, അൽ മംസാർ, ജുമേയ്‌റ മുതലായ ബീച്ചുകളാണ് മെയ് 29 മുതൽ തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്.

സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയ്ക്കായി തുറന്ന് കൊടുക്കുന്ന പൊതുഇടങ്ങളിൽ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ മുൻസിപ്പാലിറ്റി അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്കുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന കയ്യുറകൾ, 2 മീറ്ററിൽ കുറയാതെ സമൂഹ അകലം, സാനിറ്റൈസറുകളുടെ ഉപയോഗം എന്നിങ്ങനെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നിർദ്ദേശങ്ങളും ഇത്തരം ഇടങ്ങൾ സന്ദർശിക്കുന്നവർ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.