ഖത്തർ: പൊതു വിദ്യാലയങ്ങളിൽ ഡിജിറ്റൽ പഠന രീതികൾ നടപ്പിലാക്കാൻ നിർദ്ദേശം

GCC News

ഖത്തറിലെ പൊതു വിദ്യാലയങ്ങൾക്ക്, ഇ-ലേർണിംഗ് സമ്പ്രദായം നടപ്പിലാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന്, രാജ്യത്തെ വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. സെപ്റ്റംബർ 1 മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിലെ പ്രധാന അധ്യയന മാർഗമായി, ഡിജിറ്റൽ പഠന രീതികൾ നടപ്പിലാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഈ നിർദ്ദേശം. വിദ്യാലയങ്ങളിലെ നേരിട്ടുള്ള ക്ലാസുകൾക്കും, വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന ക്ലാസ്സുകൾക്കും ഇ-ലേർണിംഗ് സമ്പ്രദായം ഉപയോഗിക്കാനാണ് മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ളത്.

https://twitter.com/Qatar_Edu/status/1293851035807686659

ഈ തീരുമാനം നടപ്പിലാക്കുന്നതിനായി എല്ലാ വിദ്യാർത്ഥികൾക്കും ഓരോ കംപ്യൂട്ടർ വീതം ഒരുക്കുന്നതിനുള്ള നിർദ്ദേശം രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിനും പൊതു വിദ്യാലയങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വിൻഡോസ് 10 (Version 1809 or later) അല്ലെങ്കിൽ മാക് ഓപ്പറേറ്റിംഗ് സിസ്റ്റം X10.13 എന്നിവയിൽ പ്രവർത്തിക്കുന്ന, ഏറ്റവും ചുരുങ്ങിയത് 1 GHz സി പി യു, 512 MB റാം, 5 GB ഹാർഡ് ഡിസ്ക് എന്നിവയടങ്ങിയ കമ്പ്യൂട്ടർ, 2 Mbps എങ്കിലും വേഗതയോട് കൂടിയ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എന്നിവയാണ് ഡിജിറ്റൽ പഠനത്തിനായി ഒരുക്കാൻ രക്ഷിതാക്കളോട് നിർദ്ദേശിച്ചിട്ടുള്ളത്.

വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി, ഉപയോഗിക്കുന്ന സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് രക്ഷിതാക്കൾക്ക് പരിശീലനം നൽകാനും മന്ത്രാലയം പൊതു വിദ്യാലയങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാങ്കേതിക സഹായങ്ങൾക്കായി 155 എന്ന ഹെല്പ് ലൈൻ നമ്പറിലൂടെ രക്ഷിതാക്കൾക്ക് മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്.

രാജ്യത്തെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും എല്ലാ വിദ്യാലയങ്ങളിലും 2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സെപ്റ്റംബർ 1 മുതൽ, മൂന്ന് ഘട്ടങ്ങളിലായി ആരംഭിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഖത്തറിലെ പൊതു വിദ്യാലയങ്ങളിലേക്കുള്ള പ്രവേശന നടപടികളും, വിദ്യാർത്ഥികളെ മറ്റൊരു വിദ്യാലയത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളും ഓഗസ്റ്റ് 23 മുതൽ ഒക്ടോബർ 7 വരെ നടത്തുമെന്ന് വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം പിന്നീട് അറിയിക്കുകയുണ്ടായി.