ഖത്തർ: രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരുടെ പാസ്പോർട്ട് നടപടിക്രമങ്ങൾ ലളിതമാണെന്ന് അധികൃതർ വ്യക്തമാക്കി

GCC News

രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്ന യാത്രികരുടെ പാസ്പോർട്ട് നടപടിക്രമങ്ങൾ ലളിതവും, വളരെക്കുറച്ച് സമയം മാത്രം ആവശ്യമായി വരുന്നതാണെന്നും ഖത്തർ എയർപോർട്ട് പാസ്പോർട്ട് വകുപ്പ് അറിയിച്ചു. വിദേശത്ത് നിന്ന് ഖത്തറിലെ എയർപോർട്ടിലെത്തുന്നവർക്ക് 20 മുതൽ 35 മിനിറ്റിനുള്ളിൽ പുറത്ത് കടക്കാവുന്ന രീതിയിലാണ് ഈ നടപടിക്രമങ്ങളെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഓരോ യാത്രികർക്കനുസരിച്ചും ഈ സമയത്തിൽ വ്യത്യാസം വരാമെന്ന് ഖത്തർ എയർപോർട്ട് പാസ്പോർട്ട് വകുപ്പ് ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ മുഹമ്മദ് മുബാറക് അൽ ബുഐനൈൻ വ്യക്തമാക്കി. ഖത്തർ റേഡിയോയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒരേ സമയം കൂടുതൽ യാത്രികർ ഒരുമിച്ച് രാജ്യത്തേക്ക് പ്രവേശിക്കുന്ന വളരെ തിരക്കേറിയ സമയങ്ങളിൽ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയമെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ തിരക്കേറിയ സമയങ്ങളിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനായി എയർപോർട്ട് പാസ്പോർട്ട് വകുപ്പ് കൂടുതൽ പാസ്പോർട്ട് കൗണ്ടറുകൾ, ഇ-ഗേറ്റുകൾ എന്നിവ പ്രവർത്തനസജ്ജമാക്കാറുണ്ടെന്നും, നിലവിലെ തിരക്ക് കണക്കിലെടുത്ത് എയർപോർട്ടിൽ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.