ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് അബു സംറ ലാൻഡ് ബോർഡർ ചെക്ക്പോസ്റ്റിലൂടെ പ്രവേശിക്കുന്ന യാത്രികർക്ക് ബാധകമാക്കുന്ന നിബന്ധനകൾ സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. 2022 ഒക്ടോബർ 16-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ഒരു പ്രത്യേക പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം, 2022 നവംബർ 1 മുതൽ ഡിസംബർ 23 വരെ ലോകകപ്പിനെത്തുന്നവർക്ക് ഈ കര അതിർത്തിയിലൂടെ ഖത്തറിലേക്ക് പ്രവേശിക്കാവുന്നതാണ്.
ഹയ്യ കാർഡ് ലഭിച്ചിട്ടുള്ളവരെ വിവിധ വിഭാഗങ്ങളായി തിരിച്ച് കൊണ്ട് ഓരോ വിഭാഗത്തിനും ബാധകമാക്കിയിട്ടുള്ള പ്രവേശന നിബന്ധനകൾ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഹയ്യ കാർഡ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നടപടികൾക്ക് നൽകിയിട്ടുള്ള പാസ്സ്പോർട്ട് ഉപയോഗിച്ച് കൊണ്ട് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
അബു സംറ ബോർഡറിലൂടെ പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ:
ഖത്തർ ഐഡി കാർഡ് ഉള്ള ഖത്തർ പൗരന്മാർ, ഖത്തറിൽ റെസിഡൻസി ഉള്ളവർ, ജി സി സി പൗരന്മാർ:
- ഇവർക്ക് ഖത്തർ നമ്പർ പ്ലേറ്റ് ഉള്ള വാഹനങ്ങളിൽ പ്രത്യേക നിബന്ധനകളൊന്നും കൂടാതെ പ്രവേശിക്കാവുന്നതാണ്.
- ഇവർക്ക് ഹയ്യ കാർഡ് നിർബന്ധമല്ല.
പ്രത്യേക എൻട്രി പെർമിറ്റുകളുമായെത്തുന്ന ഫുട്ബാൾ ആരാധകർ:
- സ്വന്തം വാഹനങ്ങളിൽ ഖത്തറിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എക്സെപ്ഷണൽ എൻട്രി പെർമിറ്റ് ഉള്ളവർ ഹയ്യ സംവിധാനത്തിലൂടെ ഈ വാഹനത്തിന് എൻട്രി പെർമിറ്റ് നേടേണ്ടതാണ്.
- ഇത് ലഭിക്കുന്നതിന്, വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് ചരുങ്ങിയത് അഞ്ച് ദിവസം ഖത്തറിൽ താമസിക്കുന്നതിനുള്ള സൗകര്യം നിർബന്ധമായും ഏർപ്പെടുത്തിയിരിക്കണം.
- വാഹന എൻട്രി പെർമിറ്റിന് ഹയ്യ സംവിധാനത്തിലൂടെ അപേക്ഷിക്കാവുന്നതാണ്. ഈ അപേക്ഷ അനുവദിക്കുന്നവർക്ക് വാഹന ഇൻഷുറൻസ് എടുക്കുന്നതിനുള്ള ഒരു ഇമെയിൽ ലഭിക്കുന്നതാണ്.
- വാഹന ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കുന്നവർ 24 മണിക്കൂറിനകം 5000 ഖത്തർ റിയാൽ (തിരികെ ലഭിക്കില്ല) അടച്ച് കൊണ്ട് പെർമിറ്റ് നേടേണ്ടതാണ്.
- ഇത്തരം വാഹനങ്ങളിൽ ചുരുങ്ങിത് മൂന്ന് പേർ ഉണ്ടായിരിക്കണം. പരമാവധി ആറ് പേർക്കാണ് ഇപ്രകാരം സഞ്ചരിക്കാൻ അനുമതി. എല്ലാവർക്കും ഹയ്യ കാർഡ് നിർബന്ധം.
- ഇത്തരം വാഹന എൻട്രി പെർമിറ്റുകൾ ഉപയോഗിച്ച് കൊണ്ട് ഒരു തവണ മാത്രമാണ് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
- ഇത്തരം വാഹനങ്ങൾക്ക് എ-റിംഗ്, ബി-റിംഗ് റോഡുകൾ, ഈ റോഡുകളിലേക്ക് നയിക്കുന്ന പാതകൾ, ഇന്റർസെക്ഷനുകൾ എന്നിവയിൽ പ്രവേശനം അനുവദിച്ചിട്ടില്ല.
ഒരു ദിവസത്തെ മത്സരത്തിന് മാത്രമായി പ്രവേശിക്കുന്നവർ (24 മണിക്കൂർ നേരത്തേക്ക്)
- ഒരു ദിവസത്തെ മത്സരം കാണുന്നതിനായി 24 മണിക്കൂറിനകം മടങ്ങുന്നവർക്ക് ഹോട്ടൽ റിസർവേഷൻ ആവശ്യമില്ല.
- ഇവർക്ക് ഹയ്യ കാർഡ് (വൺ ഡേ ഫാൻ വിഭാഗം) ആവശ്യമാണ്.
- ഖത്തറിലെത്തുന്നതിന് മുൻപ് ഇവർ ഹയ്യ സംവിധാനത്തിലൂടെ ഒരു കാർ പാർക്കിംഗ് ബുക്ക് ചെയ്തിരിക്കണം.
- ഇവർ തങ്ങളുടെ വാഹനം അബു സംറ ചെക്ക്പോയിന്റിലെ പാർക്കിങ്ങിൽ സൂക്ഷിക്കേണ്ടതും, തുടർന്ന് ദോഹയിലേക്ക് പ്രത്യേക ഖത്തർ ബസുകളിൽ യാത്ര ചെയ്യേണ്ടതുമാണ്. ദോഹ സെൻട്രൽ സ്റ്റേഷനിലേക്കും, അൽ ഖലായാലിലെ ഫാമിലി ആൻഡ് ഫ്രണ്ട്സ് മീറ്റ് ആൻഡ് ഗ്രീറ്റ് ഏരിയയിലേക്കും ബസ് സർവീസുകൾ ലഭ്യമാണ്.
- 24 മണിക്കൂറിനകം മടങ്ങാത്ത വാഹനത്തിന് 1000 റിയാൽ സർവീസ് ചാർജ് ഈടാക്കുന്നതാണ്. 48 മണിക്കൂർ കഴിഞ്ഞിട്ടും പാർക്കിങ്ങിൽ നിന്ന് എടുക്കാത്ത ഇത്തരം വാഹനങ്ങൾ കെട്ടിവലിച്ച് നീക്കം ചെയ്യുന്നതാണ്. ഇതിന് 1000 റിയാൽ അധികം ഈടാക്കുന്നതാണ്.
ബസുകളിൽ ഖത്തറിലേക്ക് പ്രവേശിക്കുന്നവർ:
- ഇവർക്ക് ഹയ്യ കാർഡ് നിർബന്ധമാണ്.
- ഇവർ അബു സംറ ചെക്ക്പോയിന്റിലെ അറൈവൽ ലോഞ്ചിലെത്തിയ ശേഷം പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
- തുടർന്ന് അബു സംറ ചെക്ക്പോയിന്റിൽ നിന്ന് ദോഹയിലേക്ക് ഖത്തർ ബസുകളിൽ യാത്ര ചെയ്യേണ്ടതുമാണ്. ദോഹ സെൻട്രൽ സ്റ്റേഷനിലേക്കും, അൽ ഖലായാലിലെ ഫാമിലി ആൻഡ് ഫ്രണ്ട്സ് മീറ്റ് ആൻഡ് ഗ്രീറ്റ് ഏരിയയിലേക്കും ബസ് സർവീസുകൾ ലഭ്യമാണ്.
മാനുഷിക പരിഗണന ആവശ്യമായി വരുന്ന പ്രത്യേക സാഹചര്യങ്ങളിൽ ഖത്തറിലേക്ക് പ്രവേശനാനുമതി ലഭിക്കുന്നവർ:
ഹയ്യ കാർഡ് ഇല്ലാത്തവർക്ക് മാനുഷിക പരിഗണന ആവശ്യമായി വരുന്ന പ്രത്യേക സാഹചര്യങ്ങളിൽ ഖത്തറിലേക്ക് പ്രവേശനാനുമതി ലഭിക്കുന്നതിനായാണ് ഈ പദ്ധതി.
- ഇവർക്ക് പ്രവേശിക്കുന്നതിനുള്ള പ്രത്യേക അനുമതി നിർബന്ധമാണ്. ഇതിനുള്ള അപേക്ഷകൾ https://portal.moi.gov.qa എന്ന വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്. ഇത്തരം അപേക്ഷകളിൽ ആറ് മണിക്കൂറിനകം നടപടി സ്വീകരിക്കുന്നതാണ്. അനുമതി ലഭിക്കുന്നവരെ ഇ-മെയിലിലൂടെ അറിയിക്കുന്നതാണ്.
- മാനുഷിക പരിഗണന ആവശ്യമായി വരുന്ന പ്രത്യേക സാഹചര്യങ്ങളിൽ പ്രവേശനാനുമതി ലഭിക്കുന്നവർക്ക് വിമാനത്താവളത്തിലൂടെ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
- ഇത്തരം പെർമിറ്റുകൾ ഒരു തവണ മാത്രമാണ് ഉപയോഗിക്കാൻ അനുമതി.
ട്രക്കുകളുടെ പ്രവേശനം:
2022 നവംബർ 15 മുതൽ ഡിസംബർ 22 വരെ അബു സംറ ചെക്ക്പോയിന്റിലൂടെയുള്ള വാണിജ്യ ചരക്ക് ഗതാഗതത്തിനുള്ള ട്രക്കുകളുടെ പ്രവേശനം രാത്രി 11 മണിമുതൽ രാവിലെ 6 മണിവരെ മാത്രമാക്കി നിയന്ത്രിക്കുന്നതാണ്.
അബു സംറ ചെക്ക്പോയിന്റിലൂടെയുള്ള ഫുട്ബാൾ ആരാധകരുടെ പ്രവേശനം സുഗമമാക്കുന്നതിനായി ചെക്ക്പോയിന്റിൽ കൂടുതൽ പാസ്സ്പോർട്ട് കൗണ്ടറുകൾ അനുവദിക്കുന്നതാണ്. ഇത്തരം യാത്രികർക്കായി ഒരു മണിക്കൂറിൽ നാലായിരം പേരെ വരെ ഉൾക്കൊള്ളാവുന്ന പ്രത്യേക ടെന്റ് ഒരുക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഫുട്ബാൾ ആരാധകർക്കായി അബു സംറ ചെക്ക്പോയിന്റിൽ നിന്ന് സെൻട്രൽ ദോഹയിലെ അൽ മെസ്സിലയിലേക്കും, അൽ ഖലായാലിലെ ഫാമിലി ആൻഡ് ഫ്രണ്ട്സ് മീറ്റ് ആൻഡ് ഗ്രീറ്റ് ഏരിയയിലേക്കും ഖത്തർ ബസുകളിൽ സൗജന്യ യാത്ര ഒരുക്കിയിട്ടുണ്ട്. ചെക്ക്പോയിന്റിൽ നിന്ന് 2 കിലോമീറ്റർ ദൂരെയുള്ള അൽ ഖലായാലിലെ ഫാമിലി ആൻഡ് ഫ്രണ്ട്സ് മീറ്റ് ആൻഡ് ഗ്രീറ്റ് ഏരിയയിലെത്തുന്നവർക്ക് തുടർന്ന് ഖത്തറിലെ തങ്ങളുടെ ബന്ധുക്കൾക്കും, സുഹൃത്തുകൾക്കും ഒപ്പം യാത്ര തുടരാവുന്നതാണ്. ഇവിടെ നിന്ന് പ്രൈവറ്റ് ടാക്സികളും ലഭ്യമാണ്.
ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് 2022 നവംബർ 1 മുതൽ ഡിസംബർ 22 വരെ വിസിറ്റ് വിസകളിലുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.