അൽ വാബ് സ്ട്രീറ്റിൽ പുതിയതായി രണ്ട് ഇന്റർസെക്‌ഷനുകൾ തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിപ്പ് നൽകി. അൽ വക്രയിലെ ഒരു ഉൾറോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ഇതോടൊപ്പം അതോറിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം, അൽ വാബ് സ്ട്രീറ്റിൽ താഴെ പറയുന്ന രണ്ട് ഇന്റർസെക്‌ഷനുകളാണ് അതോറിറ്റി പുതിയതായി ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത്:
- ബായ ഇന്റർസെക്ഷൻ – 2021 ഡിസംബർ 25, ശനിയാഴ്ച്ച തുറന്ന് കൊടുക്കും.
- ഖലീഫ ഒളിമ്പിക് സിറ്റി ഇന്റർസെക്ഷൻ – 2021 ഡിസംബർ 31, വെള്ളിയാഴ്ച്ച തുറന്ന് കൊടുക്കും.
ഈ രണ്ട് പുതിയ ഇന്റർസെക്ഷനുകൾ അൽ അസീസിയ, അൽ വാബ്, മെഹെയർജ, മുറയ്ഖ്, മുഐതീർ തുടങ്ങിയ മേഖലകളിലേക്ക് യാത്ര ചെയ്യുന്നവരുടെ ട്രാഫിക് സുഗമമാക്കുന്നതിന് സഹായകമാണെന്ന് അതോറിറ്റി വ്യക്തമാക്കി. ആസ്പയർ സോൺ, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകൾ കൂടുതൽ എളുപ്പമാക്കുന്നതിനും ഈ പുതിയ ഇന്റർസെക്ഷനുകൾ സഹായകമാണ്.
ഇതിന് പുറമെ അൽ വക്ര റോഡിനെ ഇബ്ൻ സീന സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന വീതി ഡിസംബർ 21 മുതൽ ഒരു മാസത്തേക്ക് അടച്ചിടുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ഈ കാലയളവിൽ ഇതുവഴി യാത്രചെയ്യുന്നവർക്ക് അൽ സുവൈർ സ്ട്രീറ്റിലൂടെ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.