ഖത്തറിലെ COVID-19 വാക്സിനേഷൻ നടപടികൾക്ക് ഡിസംബർ 23, ബുധനാഴ്ച്ച മുതൽ തുടക്കമിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനാണ് ഖത്തറിൽ നിലവിൽ വാക്സിനേഷനു വേണ്ടി ഉപയോഗിക്കുന്നത്. ആദ്യ ദിനം തന്നെ നൂറുകണക്കിന് പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചു.
വാക്സിനേഷൻ നടപടികളുടെ ഭാഗമായി, ഖത്തർ യൂണിവേഴ്സിറ്റിയിലെ മുൻ പ്രസിഡന്റ് ഡോ. അബ്ദുല്ല അൽ ഖുബൈസി ആദ്യ കുത്തിവെപ്പ് സ്വീകരിച്ചു. ഡിസംബർ 23-ന് രാവിലെ അൽ വജ്‌ബാ ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് അദ്ദേഹം വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചത്. തുടർന്ന് ഖത്തർ പൗരന്മാരും, പ്രവാസികളുമുൾപ്പടെ നൂറുകണക്കിന് പേർക്ക് ആദ്യ ഡോസ് കുത്തിവെപ്പ് നൽകിയതായി മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടിയന്തിര വാക്സിനേഷൻ നടപടികളിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുള്ള ഫൈസർ വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 21-നു രാത്രി ഖത്തറിലെത്തിയിരുന്നു. ഡിസംബർ 23-ന് രാവിലെ മുതൽ ആരംഭിച്ച വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി, ഖത്തറിലെ ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ COVID-19 വാക്സിൻ നൽകുന്നത്.
ഖത്തറിൽ താഴെ പറയുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ COVID-19 വാക്സിൻ നൽകുന്നത്:
- Al Wajba Health Centre
- Leabaib Health Center
- Al Ruwais Health Center
- Umm Slal Health Center
- Rawdat Al Khail Health Center
- Al Thumama Health Center
- Muaither Health Center
മൂന്നാഴ്‌ച്ചത്തെ ഇടവേളയിൽ രണ്ട് തവണയായാണ് ഈ വാക്സിൻ നൽകുന്നത്. ആദ്യ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർ രണ്ടാമത്തെ ഡോസ് നിർബന്ധമായും സ്വീകരിക്കണമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഡിസംബർ 23 മുതൽ ജനുവരി 31 വരെയുള്ള ആദ്യ ഘട്ട വാക്സിനേഷനിൽ 70 വയസ്സിനു മുകളിൽ പ്രായമായവർ, വിട്ടുമാറാത്ത ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ഗുരുതര വിഭാഗങ്ങളിൽ ചികിത്സയിലുള്ളവർ, രോഗബാധയേൽക്കാൻ സാധ്യതയുള്ള ആരോഗ്യ പ്രവർത്തകർ മുതലായ വിഭാഗങ്ങൾക്കാണ് കുത്തിവെപ്പ് നൽകുന്നത്. ഖത്തറിലെ മുഴുവൻ നിവാസികൾക്കും COVID-19 വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
മുൻഗണന പ്രകാരം ആദ്യം വാക്സിൻ നൽകുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നവരെ ഡിസംബർ 23 മുതൽ ആരോഗ്യ വകുപ്പിൽ നിന്ന് ഫോൺ, SMS എന്നിവ മുഖേനെ നേരിട്ട് ബന്ധപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രത്തിന്റെ വിവരങ്ങൾ ആരോഗ്യ വകുപ്പിൽ നിന്ന് നേരിട്ട് അറിയിക്കുന്നതാണ്.
വാക്സിൻ സംബന്ധിച്ച സമഗ്രമായ വിശകലനങ്ങൾക്കും, പരിശോധനകൾക്കും ശേഷമാണ് ഖത്തർ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്മെന്റ് ഓഫ് ഫാർമസി ആൻഡ് ഫാർമസ്യൂടിക്കൽ കൺട്രോൾ ഫൈസർ, ബയോ എൻ ടെക് വാക്സിന് അംഗീകാരം നൽകാൻ തീരുമാനിച്ചത്. ലോകത്തെമ്പാടും ഈ വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ കുത്തിവെപ്പ് നൽകിയ സന്നദ്ധസേവകരുടെ കണക്കുകളും അധികൃതർ സമഗ്രമായി പരിശോധിച്ചിരുന്നു.