ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഖത്തർ സെൻട്രൽ ബാങ്ക് ഒരു പ്രത്യേക സ്മാരക കറൻസിനോട്ട് പുറത്തിറക്കി.
ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ H.E. ഷെയ്ഖ് ബന്തർ ബിൻ മുഹമ്മദ് ബിൻ സഊദ് അൽ താനി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ എന്നിവർ ചേർന്നാണ് ഈ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 സ്മാരക കറൻസിനോട്ട് പുറത്തിറക്കിയത്.
ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ’22 ഖത്തറി റിയാൽ’ മൂല്യമുള്ള ഈ പ്രത്യേക സ്മാരക കറൻസിനോട്ട് ബാങ്കുകളിൽ നിന്നും, എക്സ്ചേഞ്ച് സെന്ററുകളിൽ നിന്നും 75 റിയാലിന് വാങ്ങാവുന്നതാണെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.
പോളിമർ ഉപയോഗിച്ചാണ് ഈ നോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. ലോകകപ്പ് ലോഗോ മുദ്രണം ചെയ്ത 10 നാണയങ്ങളും ഖത്തർ സെൻട്രൽ ബാങ്ക് ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.
ഖത്തർ സെൻട്രൽ ബാങ്ക് പുറത്തിറക്കിയിട്ടുള്ള ഈ 22 റിയാൽ ലോകകപ്പ് സ്മാരക കറൻസിനോട്ടിന്റെ ഒരുവശത്ത് ലുസൈൽ സ്റ്റേഡിയത്തിന്റെയും, മറുവശത്ത് അൽ ബൈത് സ്റ്റേഡിയത്തിന്റെയും ചിത്രങ്ങൾ മുദ്രണം ചെയ്തിട്ടുണ്ട്.
ഇതോടൊപ്പം ഖത്തർ ദേശീയ ചിഹ്നം, അറബി പായ്ക്കപ്പല്‍, സുബാറ ഫോർട്ട്, വേൾഡ് കപ്പ് ട്രോഫി, ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ലോഗോ എന്നിവയും നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.