മന്ത്രാലയത്തിന്റെ കീഴിലുള്ള ഓഫീസുകളിലേക്കത്തുന്ന സന്ദർശകരുടെ എണ്ണം പരമാവധി ശേഷിയുടെ 30 ശതമാനമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫയേഴ്‌സ് അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ നിയന്ത്രണം.
ഫെബ്രുവരി 6, ശനിയാഴ്ച്ചയാണ് മന്ത്രാലയം ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. സർക്കാർ സേവന കേന്ദ്രങ്ങളിലും ഈ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് സൂചന.
മന്ത്രാലയത്തിൽ നിന്ന് ഓൺലൈനിലൂടെ ലഭിക്കുന്ന സേവനങ്ങൾക്കായി നേരിട്ടെത്തുന്നു സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സന്ദർശകർ സേവനങ്ങൾക്കായി മന്ത്രാലയത്തിന്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ ഉപയോഗപ്പെടുത്തേണ്ടതാണ്.
ഓൺലൈനിൽ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചുള്ള സംശയങ്ങൾ നിവാരണം ചെയ്യുന്നതിന് 16008 എന്ന ഹോട്ട് ലൈനിൽ ബന്ധപ്പെടാവുന്നതാണ്.