ഖത്തർ: COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

Qatar

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും, നിവാസികൾക്കും ഇതിനായി അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനായി മന്ത്രാലയം ഒരു പുതിയ വെബ്സൈറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

https://app-covid19.moph.gov.qa/en/instructions.html എന്ന വിലാസത്തിൽ നിന്ന് ഈ ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ലഭ്യമാണ്. ആദ്യ ഘട്ടങ്ങളിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഈ സംവിധാനത്തിലൂടെ വാക്സിൻ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഈ സംവിധാനം ജനുവരി 17 മുതൽ പ്രവർത്തനമാരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ ഖത്തറിൽ താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവർക്കാണ് ആദ്യ ഘട്ടത്തിന്റെ ഭാഗമായി വാക്സിൻ നൽകുന്നത്:

  • 60 വയസ്സിനു മുകളിൽ പ്രായമായവർ.
  • കിടപ്പ് ചികിത്സയിലുള്ള പ്രായമായവർ.
  • വിട്ടുമാറാത്ത ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ (50 വയസ്സിന് മുകളിൽ).
  • COVID-19 രോഗബാധയേൽക്കാൻ സാധ്യതയുള്ള ആരോഗ്യ പ്രവർത്തകർ. COVID-19 ചികിത്സാ കേന്ദ്രങ്ങൾ, ഐസൊലേഷൻ കേന്ദ്രങ്ങൾ, ICU, അടിയന്തിര ചികിത്സാ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തകർ, പ്രായമായ ആരോഗ്യ പ്രവർത്തകർ മുതലായവർ.

രണ്ടാം ഘട്ടത്തിൽ താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് വാക്സിൻ ലഭ്യമാക്കുന്നത്:

  • 50 മുതൽ 59 വയസ്സ് വരെ പ്രായമുള്ള മുഴുവൻ ആളുകളും.
  • ആരോഗ്യ പ്രശ്നങ്ങൾ ഉള്ള എല്ലാ മുതിർന്നവർക്കും.
  • എല്ലാ ആരോഗ്യ പ്രവർത്തകർക്കും.
  • അധ്യാപകർ.

നിലവിൽ മുൻഗണന പ്രകാരം വാക്സിൻ ലഭ്യമാകുന്ന വിഭാഗങ്ങളിൽ ഉൾപ്പെടാത്തവർക്കും ഈ സംവിധാനത്തിലൂടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത്തരക്കാർക്ക് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നതിന് ഭാവിയിൽ മുൻഗണന ലഭിക്കുന്ന സാഹചര്യത്തിൽ ആ വിവരം മന്ത്രാലയം നേരിട്ട് അറിയിക്കുന്നതാണ്.

ഈ സംവിധാനം ഉപയോഗിക്കുന്നതിന് നാഷണൽ ഓതെന്റിക്കേഷൻ സിസ്റ്റത്തിലൂടെ (NAS) ‘TAWTHEEQ’ യൂസർനെയിം, പാസ്സ് വേർഡ് ആവശ്യമാണ്. ഇത്തരം NAS അക്കൗണ്ടുകൾ ഇല്ലാത്തവർക്ക് https://www.nas.gov.qa എന്ന വിലാസത്തിൽ നിന്ന് അവ നിർമ്മിക്കാവുന്നതാണ്.

അതേസമയം, ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ ഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 65-ൽ നിന്ന് 60 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഖത്തറിലെ COVID-19 വാക്സിനേഷൻ നടപടികൾ ഡിസംബർ 23 മുതൽ ആരംഭിച്ചിരുന്നു. ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനാണ് ഖത്തറിൽ നിലവിൽ വാക്സിനേഷനു വേണ്ടി ഉപയോഗിക്കുന്നത്.