ഖത്തർ: നിയന്ത്രണം ഏർപ്പെടുത്തിയിട്ടുളള സൈനിക മേഖലകളിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്

featured GCC News

രാജ്യത്ത് പ്രവേശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുളള സൈനിക മേഖലകളിലേക്ക് പ്രവേശിക്കരുതെന്ന് ഖത്തർ മിനിസ്ട്രി ഓഫ് ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പീനൽ കോഡ് ’11/ 2004′-ലെ ആർട്ടിക്കിൾ 117 പ്രകാരമാണിത്. ഇത്തരം പ്രദേശങ്ങളിലേക്ക് ഒരു കാരണവശാലും പ്രവേശിക്കാൻ ശ്രമിക്കരുതെന്ന് ഖത്തറിലെ പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

ഈ നിയമം ലംഘിക്കുന്നവർക്ക് ഏറ്റവും ചുരുങ്ങിയത് അഞ്ച് വർഷം തടവ് ശിക്ഷ ലഭിക്കുന്നതാണ്. സൽവ റോഡ്, സുതാന്തിൽ റോഡ്, ജോ അൽ സലാമ സ്ട്രീറ്റ്, അരീഖ് നാച്ചുറൽ റിസർവ് എന്നിവ അതിരുകൾ പങ്കിടുന്ന അൽ ഖലായെൽ ട്രെയിനിങ് ഏരിയ ഇത്തരത്തിൽ പ്രവേശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുളള സൈനിക മേഖലകളിലൊന്നാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ മേഖലയിലേക്ക് കടന്ന് കയറുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.