ഖത്തർ: ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്ന നടപടികൾ സെപ്റ്റംബർ 15 മുതൽ ആരംഭിക്കും

GCC News

രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ 2021 സെപ്റ്റംബർ 15, ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസർ ബയോഎൻടെക്, മോഡർന എന്നീ വാക്സിൻ കുത്തിവെപ്പുകളെടുത്തിട്ടുള്ള ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പൂർത്തിയാക്കുന്നതോടെയാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.

സെപ്റ്റംബർ 11-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ രോഗപ്രതിരോധ ശേഷി കുറവുള്ള ഏതാനം വിഭാഗങ്ങൾക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് ഖത്തർ ആരോഗ്യ മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു.

ബൂസ്റ്റർ ഡോസ് നൽകുന്നതിന്റെ ആദ്യ ഘട്ടത്തിൽ താഴെ പറയുന്നവർക്കാണ് കുത്തിവെപ്പ് നൽകുന്നത്:

  • 65 വയസിന് മുകളിൽ പ്രായമുള്ളവർ.
  • വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ.
  • COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവർ.

രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിൽ ബൂസ്റ്റർ ഡോസുകൾ ഏറെ ഫലപ്രദമാണെന്ന പഠന റിപ്പോർട്ടുകളെത്തുടർന്നാണ് ഈ തീരുമാനം. നിലവിൽ ഫൈസർ ബയോഎൻടെക്, മോഡർന എന്നീ വാക്സിനുകൾ സ്വീകരിച്ചവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ആദ്യ ഘട്ടത്തിൽ സ്വീകരിച്ച അതേ വാക്സിൻ തന്നെയാണ് ബൂസ്റ്റർ ഡോസായി നൽകുന്നത്.

ബൂസ്റ്റർ ഡോസ് വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ളവരെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ (PHCC) നിന്ന് നേരിട്ട് ബന്ധപ്പെടുന്നതാണ്. രണ്ടാം ഡോസ് വാക്സിനെടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്ക് PHCC-യിൽ നിന്ന് ബന്ധപ്പെടുന്നില്ലെങ്കിൽ 4027 7077 എന്ന നമ്പറിൽ ബുക്കിങ്ങിനായി വിളിക്കാവുന്നതാണ്.