പൊതുസമൂഹത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. COVID-19 വൈറസിന്റെ ഒമിക്രോൺ ഉൾപ്പടെയുള്ള വകഭേദങ്ങൾക്കെതിരെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ബൂസ്റ്റർ ഡോസ് പ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ ഏതാണ്ട് 2 ലക്ഷത്തോളം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന് അർഹതയുള്ള മുഴുവൻ പേരും ഈ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശയാത്രകൾക്കൊരുങ്ങുന്നവർ നിർബന്ധമായും ബൂസ്റ്റർ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.
ബൂസ്റ്റർ ഡോസുകൾ സുരക്ഷിതമാണെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. COVID-19 വൈറസിന്റെ വകഭേദങ്ങൾക്കതിരെ രോഗപ്രതിരോധ ശേഷി നേടുന്നതിന് ബൂസ്റ്റർ ഡോസ് പ്രധാനമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ (PHCC) നിന്ന് നേരിട്ട് ബന്ധപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു. PHCC നേരിട്ട് ബന്ധപ്പെടാത്ത, ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർക്ക്, 4027 7077 എന്ന ഹോട്ട് ലൈൻ സംവിധാനത്തിലൂടെ ബൂസ്റ്റർ ഡോസ് മുൻകൂർ ബുക്കിങ്ങിനായി അധികൃതരെ സമീപിക്കാവുന്നതാണ്.