ഖത്തർ: ലുസൈൽ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം ഫെബ്രുവരി 28-ന് നിർത്തലാക്കും

GCC News

ലുസൈൽ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം 2022 ഫെബ്രുവരി 28-ന് നിർത്തലാക്കുമെന്ന് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു. 2022 ഫെബ്രുവരി 27-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ലുസൈൽ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം 2022 ഫെബ്രുവരി 28-ന് രാത്രി 9 മണിയോടെ അവസാനിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ COVID-19 രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

“രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ ലുസൈൽ ഡ്രൈവ്-ത്രൂ കേന്ദ്രത്തിൽ നിന്ന് ടെസ്റ്റിംഗ്, വാക്സിനേഷൻ സേവനങ്ങൾ നൽകുന്നതല്ല. എന്നാൽ PHCC-യുടെ മറ്റു 28 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ടെസ്റ്റിംഗ്, വാക്സിനേഷൻ സേവനങ്ങൾ നൽകുന്നത് തുടരുന്നതാണ്.”, PHCC മാനേജിങ് ഡയറക്ടർ ഡോ. മറിയം അബ്ദുൽമലിക് വ്യക്തമാക്കി.