ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള യാത്രികരുടെ തിരക്ക് കണക്കിലെടുത്ത് ഒമ്പത് ദോഹ മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ ഗേറ്റുകൾ സ്ഥാപിച്ചതായി ഖത്തർ റെയിൽ അറിയിച്ചു. ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഖത്തർ റെയിൽ നടപ്പിലാക്കുന്ന തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ നടപടി.
ഒമ്പത് മെട്രോ സ്റ്റേഷനുകളിലായി 35 ഗേറ്റുകളാണ് അധികമായി സ്ഥാപിച്ചിരിക്കുന്നത്. യാത്രികർക്ക് ഫിഫ ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിലേക്കും, ഫാൻ ഫെസ്റ്റിവൽ വേദികളിലേക്കും കൂടുതൽ സുഗമമായ യാത്രാ സേവനങ്ങൾ ഒരുക്കുന്നത് ലക്ഷ്യമിട്ടാണിത്.
2022 നവംബർ 11 മുതൽ ദോഹ മെട്രോ ട്രെയിനുകളിൽ സ്റ്റാൻഡേർഡ് ക്ലാസ് സേവനങ്ങൾ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ മെട്രോയുടെ സേവനങ്ങൾ ദിനവും പുലർച്ചെ 3 വരെ ലഭിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.