ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ ഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70-ൽ നിന്ന് 65 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ജനുവരി 3-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇതോടെ 65 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഖത്തറിൽ ആദ്യ ഘട്ട വാക്സിനേഷനിൽ പങ്കെടുക്കാവുന്നതാണ്.
ഈ തീരുമാനത്തോടെ താഴെ പറയുന്ന മൂന്ന് വിഭാഗങ്ങൾക്കാണ് ഖത്തറിൽ ആദ്യ ഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നത്:
- 65 വയസ്സിനു മുകളിൽ പ്രായമായവർ.
- വിട്ടുമാറാത്ത ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ
- COVID-19 രോഗബാധയേൽക്കാൻ സാധ്യതയുള്ള ആരോഗ്യ പ്രവർത്തകർ
ഈ വിഭാഗക്കാരെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് നേരിട്ട് ബന്ധപ്പെടുമെന്നും അധികൃതർ അറിയിച്ചു. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക്, ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് അവരെ ബന്ധപ്പെട്ടിട്ടില്ലെങ്കിൽ, 40277077 എന്ന ഹോട്ട്ലൈൻ നമ്പറിലൂടെ വാക്സിനേഷനിൽ പങ്കെടുക്കാൻ മുൻകൂർ അനുമതി നേടാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മുൻകൂർ ബുക്കിങ്ങിന് അനുസരിച്ചാണ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് കുത്തിവെപ്പ് നൽകുന്നത്.
അതേസമയം, COVID-19 വാക്സിനേഷൻ യത്നത്തോട് പൊതുജനങ്ങൾ മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സോഹ അൽ ബയത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Photo: @MOPHQatar