സ്കൂൾ ട്രാൻസ്പോർട്ടേഷൻ ഫീസ് 78 ശതമാനം കുറയ്ക്കാൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2023 സെപ്റ്റംബർ 17-നാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. രാജ്യത്തെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഖത്തർ പൗരന്മാരല്ലാത്തവരും, ജി സി സി രാജ്യങ്ങളിലെ പൗരന്മാരല്ലാത്തവരുമായ വിദ്യാർത്ഥികൾക്ക് സ്‌കൂൾ ട്രാൻസ്പോർട്ടേഷൻ ഫീസ് ഇനത്തിൽ ഓരോ സെമസ്റ്ററിലും ഈടാക്കുന്ന തുകയിൽ ഇളവ് അനുവദിച്ചതായാണ് ഖത്തർ വിദ്യാഭ്യാസ വകുപ്പ് മന്ത്രി H.E. ബുതൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി അറിയിച്ചിരിക്കുന്നത്.
ഈ തീരുമാന പ്രകാരം, സ്‌കൂളിലേക്ക് യാത്ര ചെയ്യുന്നതിനായി സ്‌കൂൾ ഏർപ്പെടുത്തുന്ന ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ ഫീസ് ഓരോ സെമസ്റ്ററിലും 220 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ ഓരോ സെമസ്റ്ററിലും ആയിരം റിയാലാണ് ഈ ഇനത്തിൽ ഈടാക്കിയിരുന്നത്.