നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം അൽ വാബ് സ്ട്രീറ്റ് പൂർണമായും ഗതാഗതത്തിന് തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിപ്പ് നൽകി. 2022 ഒക്ടോബർ 15-ന് വൈകീട്ടാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
അൽ വാബ്, അൽ അസീസിയ, മെഹൈർജ, ബായ, ല്യൂഐബ്, മുറൈഖ്, മുഐതീർ മുതലായ മേഖലകളിലെ നിവാസികൾക്ക് ട്രാഫിക് സൗകര്യങ്ങൾ നൽകുന്നതിനായി ഈ സ്ട്രീറ്റിൽ 5.5 കിലോമീറ്റർ നീളത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി അതോറിറ്റി വ്യക്തമാക്കി.
ഈ റോഡ് നവീകരിച്ചതോടെ ദോഹ എക്സ്പ്രസ് വേ, സബാഹ് അൽ അഹ്മദ് കോറിഡോർ, അൽ ഫറൂസിയ, അൽ സൈലിയ സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളുടെ യാത്ര സുഗമമാകുന്നതാണ്.
ഈ മേഖലയിൽ നേരത്തെ 3 ലൈനുകളുണ്ടായിരുന്ന റോഡ് ഇപ്പോൾ ഇരുവശത്തേക്കും നാല് ലൈനാക്കി നവീകരിച്ചിട്ടുണ്ട്. ഇത് സബാഹ് അൽ അഹ്മദ് കോറിഡോറിനെ അൽ ഫറൂസിയ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നു.
മെഹൈർജ ഇന്റർസെക്ഷൻ, ഖലീഫ ഒളിമ്പിക് സിറ്റി ഇന്റർസെക്ഷൻ, സ്പോർട്സ് ഹാൾ ഇന്റർസെക്ഷൻ, ബായ ഇന്റർസെക്ഷൻ എന്നിങ്ങനെ നാല് ജംഗ്ഷനുകളും ഈ സ്ട്രീറ്റിൽ പണിതീർത്തിട്ടുണ്ട്. ഇതോടെ ഈ റോഡിലൂടെ മണിക്കൂറിൽ 16000 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്നതാണ്. നേരത്തെ മണിക്കൂറിൽ 12000 വാഹനങ്ങളെ ഉൾക്കൊള്ളാനാകുന്ന രീതിയിലായിരുന്നു ഈ സ്ട്രീറ്റ് പ്രവർത്തിച്ചിരുന്നത്.
അൽ വാബ് റോഡിലൂടെ സഞ്ചരിക്കുന്ന യാത്രികർക്ക് പ്രദേശത്തെ പാർപ്പിട മേഖലകൾ, വാണിജ്യ കേന്ദ്രങ്ങൾ, സ്പോർട്സ് കേന്ദ്രങ്ങൾ എന്നിവയിലേക്ക് എത്തിച്ചേരുന്നതിനും ഇപ്പോൾ സാധിക്കുന്നതാണ്. 3 കിലോമീറ്റർ നീളമുള്ള സൈക്ലിംഗ് പാത, കാൽനടക്കാർക്കുള്ള 15 കിലോമീറ്റർ നീളമുള്ള പാത എന്നിവയും ഇതിന്റെ ഭാഗമായി പണിതീർത്തിട്ടുണ്ട്.
Photos: Public Works Authority.