ഈ അദ്ധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്റർ മുതൽ വിദ്യാലയങ്ങളിൽ ഹാജരാകുന്ന വിദ്യാർത്ഥികളുടെ എണ്ണം 50 ശതമാനമാക്കി ഉയർത്താൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാലയങ്ങളിൽ നിലവിൽ തുടരുന്ന നേരിട്ടുള്ള പഠനവും, വിദൂര വിദ്യാഭ്യാസവും സംയോജിപ്പിച്ചിട്ടുള്ള സമ്മിശ്ര പഠനരീതി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഈ തീരുമാനത്തോടെ, 2021 ജനുവരി 3 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്ററിൽ രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും 50 ശതമാനം വിദ്യാർത്ഥികൾക്ക് നേരിട്ടെത്താൻ അനുമതി നൽകുന്നതാണ്. വിദ്യാലയങ്ങളിലെ പരമാവധി ശേഷിയുടെ 50 ശതമാനത്തിലേക്ക് ഹാജർ നില ഉയർത്തികൊണ്ടുള്ള സമ്മിശ്ര പഠനരീതിയായിരിക്കും രണ്ടാം സെമസ്റ്ററിൽ നടപ്പിലാക്കുന്നത്.
നിലവിലെ രാജ്യത്തെ ആരോഗ്യ സാഹചര്യങ്ങളും, വിദ്യാഭ്യാസ സാഹചര്യങ്ങളും തുടർച്ചയായി വിശകലനം ചെയ്ത ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ആരോഗ്യ സുരക്ഷാ സൂചികകൾ പഠിച്ച ശേഷമാണ് വിദ്യാർത്ഥികളുടെ ഹാജർനില ഉയർത്തുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.
വിദ്യാർത്ഥികൾക്ക് ആഴ്ച്ച തോറും മാറി മാറി വിദ്യാലയങ്ങളിൽ നേരിട്ട് പ്രവേശനം അനുവദിക്കുന്ന രീതിയിൽ നിലവിൽ തുടരുന്ന ഹാജർ സമ്പ്രദായം തുടരും. രണ്ടാം സെമസ്റ്റർ മുതൽ സർക്കാർ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് ഹാജർ നിർബന്ധമാണ്. സ്വകാര്യ സ്‌കൂളുകളിൽ രണ്ടാം സെമസ്റ്റർ ആരംഭിക്കുന്ന മുറയ്ക്ക് ഈ തീരുമാനം നടപ്പിലാകുന്നതാണ്.
ഇതോടെ മുഴുവൻ വിദ്യാലയങ്ങളിലും 50 ശതമാനം വിദ്യാർഥികൾ ആദ്യ ആഴ്ച്ചയിൽ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിലും, തുടർന്ന് അടുത്ത ആഴ്ച്ച വിദൂര വിദ്യാഭ്യാസ രീതിയിലൂടെയും അദ്ധ്യയനം നടത്തുന്നതാണ്. ബാക്കിയുള്ള 50 ശതമാനം വിദ്യാർത്ഥികൾ ആദ്യ ആഴ്ച്ച വിദൂര വിദ്യാഭ്യാസ രീതിയിലൂടെയും, പിന്നീട് ഒരാഴ്ച്ച വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിലും അദ്ധ്യയനം നടത്തുന്നതാണ്. ഈ രീതി സെമസ്റ്ററിൽ ഉടനീളം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാം സെമസ്റ്ററിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന മറ്റു ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ:
- എല്ലാ വിദ്യാലയങ്ങളിലും ഒരു ക്ലാസ്സിൽ പരമാവധി 15 കുട്ടികൾ എന്ന രീതി പാലിക്കേണ്ടതാണ്.
- ഡെസ്കുകൾ തമ്മിൽ 1.5 മീറ്റർ അകലം ഉറപ്പാക്കണം.
- വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുന്നതും, തിരികെ മടങ്ങുന്നതും സമൂഹ അകലം ഉറപ്പാക്കുന്ന രീതിയിലും, തിരക്ക് ഒഴിവാക്കിയുമായിരിക്കേണ്ടതാണ്.
- വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ള വിദ്യാർത്ഥികൾക്ക്, ഇവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കുന്ന പക്ഷം സ്‌കൂളുകളിൽ എത്തുന്നതിൽ ഇളവ് നൽകുന്നതാണ്.
- അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവർ മുഴുവൻ പ്രവർത്തി ദിനങ്ങളിലും വിദ്യാലയങ്ങളിൽ എത്തേണ്ടതാണ്.
- COVID-19 രോഗബാധ കണ്ടെത്തുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങൾ കർശനമായ മാനദണ്ഡങ്ങൾ ഉറപ്പാക്കേണ്ടതും, അധികൃതരുമായി പൂർണ്ണമായ സഹകരണം ഉറപ്പാക്കേണ്ടതുമാണ്.
ഇത്തരം നിർദ്ദേശങ്ങളിൽ വീഴ്ച്ച കണ്ടെത്തുന്ന വിദ്യാലയങ്ങൾക്കെതിരെ കർശനമായ നിയമ നടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.