ഖത്തർ: COVID-19 വാക്സിൻ കുത്തിവെപ്പെടുത്തവർ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് HMC

Qatar

COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷവും ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി തുടരേണ്ടത് വളരെ പ്രധാനമാണെന്ന് ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) വ്യക്തമാക്കി. HMC-യുടെ കീഴിലുള്ള പകര്‍ച്ചവ്യാധി വിഭാഗം മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മഅസലമനിയാണ് ഇക്കാര്യം അറിയിച്ചത്.

ഫൈസർ, മോഡേണ എന്നീ കമ്പനികൾ പുറത്തിറക്കുന്ന COVID-19 വാക്സിനുകൾ രോഗബാധ തടയുന്നതിൽ 95% ഫലപ്രദമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഈ വാക്സിനുകളുടെ രണ്ട് ഡോസ് കുത്തിവെപ്പുകൾ പൂർത്തിയാക്കുന്നവർക്ക്, രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് 10 മുതൽ 14 ദിവസങ്ങൾക്ക് ശേഷമാണ് പരമാവധി പ്രതിരോധശേഷി കൈവരിക്കാനാകുന്നതെന്നും അവർ വ്യക്തമാക്കി.

വൈറസ്ബാധ മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ തടയുന്നതിന് വാക്സിനുകൾ വളരെ ഫലപ്രദമാണെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ വാക്സിനുകൾ 100 ശതമാനം ഫലപ്രദമാണെന്ന് പറയാനാകില്ലെന്ന് അവർ ജനങ്ങളെ ഓർമ്മപ്പെടുത്തി. ഇതിനാൽ ജാഗ്രത തുടരേണ്ടത് വളരെ പ്രധാനമാണ്. വാക്സിനെടുത്ത ചിലരിലെങ്കിലും ലക്ഷണങ്ങളില്ലാത്ത രോഗബാധ ഉണ്ടാകാമെന്നും, ഇവരിൽ നിന്നുള്ള രോഗവ്യാപനം തടയുന്നതിനായി പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.