കൊറോണ വൈറസ് ചികിത്സകൾക്കായുള്ള ഒരു പുതിയ ഫീൽഡ് ഹോസ്പിറ്റൽ റാസ് അൽ ഖൈമ കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി ഉദ്‌ഘാടനം ചെയ്തു. എമിറേറ്റിലെ COVID-19 രോഗബാധിതർക്കുള്ള ചികിത്സാ സേവനങ്ങൾക്ക് കരുത്ത് പകരുന്നതിനായാണ് ഈ ഫീൽഡ് ഹോസ്പിറ്റൽ ആരംഭിച്ചിട്ടുള്ളത്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഫീൽഡ് ഹോസ്പിറ്റൽ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ആശുപത്രി അതിനൂതനമായ ആരോഗ്യ മാനദണ്ഡങ്ങളും, അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യ പരിചരണ രീതികളും ഉൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഏതാണ്ട് 7000 സ്‌ക്വയർ മീറ്ററിലധികം വിസ്തൃതിയുള്ള ഈ ഫീൽഡ് ഹോസ്പിറ്റൽ അബുദാബി ഹെൽത്ത് സർവീസ് കമ്പനിയുമായി (SEHA) സഹകരിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.
75 ഡോക്ടർമാർ, 231 നേഴ്സുമാർ, 44 പാരാമെഡിക്കൽ സേവകർ എന്നിവരുടെ സേവനം ഈ ആശുപത്രിയിൽ ലഭ്യമാണ്. ആകെ 204 കിടക്കകളാണ് ഈ ഫീൽഡ് ഹോസ്പിറ്റലിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ 48 എണ്ണം ICU സേവനങ്ങൾക്കായാണ്.
രാജ്യത്തെ മുഴുവൻ നിവാസികൾക്കും ലോകനിലവാരത്തിലുള്ള ആരോഗ്യ പരിചരണം ഉറപ്പാക്കുന്ന നയത്തിന്റെ ഭാഗമായാണ് ഈ ഫീൽഡ് ഹോസ്പിറ്റൽ ആരംഭിക്കുന്നതെന്നും, COVID-19 പ്രതിരോധ നടപടികളിൽ യു എ ഇ പുലർത്തുന്ന പ്രതിബദ്ധതയുടെ അടയാളമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഫീൽഡ് ഹോസ്പിറ്റൽ എന്നും H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി ഉദ്‌ഘാടനവേളയിൽ അഭിപ്രായപ്പെട്ടു.
WAM