യു എ ഇയിലേക്കുള്ള ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വർദ്ധനവ് രേഖപ്പെടുത്തി

UAE

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിൽ ഇന്ത്യയും യു എ ഇയും തമ്മിലുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വ്യാപാരം കുതിച്ചുയർന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

ഭക്ഷ്യസുരക്ഷയും, വിപണിയുടെ സ്ഥിരതയും ഇന്ത്യയും യു എ ഇയും തമ്മിൽ പങ്കിടുന്ന മുൻഗണനകളിലൊന്നാണ്. ഉഭയകക്ഷി ഭക്ഷ്യ വ്യാപാരത്തിലെ സമീപകാല വിജയങ്ങളിൽ ചില ആദ്യ നേട്ടങ്ങളും ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം പറഞ്ഞു.

ഉത്തർപ്രദേശ് സംസ്ഥാനത്തെ ഒരു ഉപമേഖലയായ പുർവാഞ്ചലിൽ നിന്ന് യു എ ഇ വിപണിയിലേക്കുള്ള ഉരുളക്കിഴങ്ങിന്റെ ആദ്യത്തെ കയറ്റുമതിയും, വാരണാസിയിൽ നിന്ന് യു എ ഇയിലേക്കുള്ള ആദ്യത്തെ വാട്ടർ ചെസ്റ്റ്നട്ട് കയറ്റുമതിയും, വാരണാസിയിൽ നിന്ന് സമാനമായ ജമന്തി കയറ്റുമതിയും ഇതിൽ ഉൾപ്പെടുന്നു. വാരണാസിയിൽ നിന്ന് യു എ ഇയിലേക്കുള്ള മറ്റ് ആദ്യ കയറ്റുമതികളിൽ വാഴപ്പഴം, ഹോഗ് പ്ലം, ക്രാൻബെറി എന്നിവ ഉൾപ്പെടുന്നു. ഒഡീഷ സംസ്ഥാനം ആദ്യമായി മഞ്ഞ തണ്ണിമത്തൻ യു എ ഇയിലേക്ക് കയറ്റുമതി ചെയ്തു.

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിൽ യു എ ഇയിലേക്കുള്ള ഇന്ത്യയുടെ കോഴിയിറച്ചി ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 94.17 ശതമാനവും ഒമാനിലേക്കുള്ള കയറ്റുമതി 61.61 ശതമാനവും വർദ്ധിച്ചു. പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (APEDA) നടപ്പിലാക്കുന്ന ടാർഗെറ്റഡ് എക്‌സ്‌പോർട്ട് ഡ്രൈവുകളുടെ ഫലമാണ് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഈ കയറ്റുമതി.