ദുബായിൽ നിന്ന് ഹത്തയിലേക്ക് എക്‌സ്പ്രസ് ബസ് സർവീസ് ആരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ജനുവരി 4-നാണ് RTA ഇക്കാര്യം അറിയിച്ചത്.
ഇതിന് പുറമെ, ഹത്തയിലെത്തുന്നവർക്ക് യാത്രാസേവനങ്ങൾ നൽകുന്നതിനായി ഒരു പ്രാദേശിക ബസ് റൂട്ടും RTA ആരംഭിച്ചിട്ടുണ്ട്. ഹത്തയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഈ പ്രാദേശിക ബസ് റൂട്ട് സഹായകമാകുന്നതാണ്.
ദുബായിൽ നിന്ന് ഹത്തയിലേക്കുള്ള ‘H02 ഹത്ത എക്‌സ്പ്രസ്’ ബസ് റൂട്ട് ദുബായ് മാൾ ബസ് സ്റ്റേഷനിൽ നിന്ന് ഹത്ത ബസ് സ്റ്റേഷൻ വരെയാണ് സർവീസ് നടത്തുന്നത്. ഡീലക്സ് കോച്ചുകൾ ഉപയോഗിച്ച് നടത്തുന്ന ഈ സർവീസ് ഓരോ 2 മണിക്കൂർ ഇടവേളയിലും സേവനങ്ങൾ നൽകുന്നതാണ്. 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്.
‘H04 ഹത്ത ഹോപ് ഓൺ ഹോപ് ഓഫ്’ പ്രാദേശിക ബസ് റൂട്ട് ഹത്തയിൽ ടൂറിസ്റ്റ് സർവീസ് എന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. ഹത്തയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് സർക്കുലർ രീതിയിൽ സർവീസ് നടത്തുന്ന ഈ ബസ് ഹത്ത ബസ് സ്റ്റേഷനിൽ നിന്നാണ് ആരംഭിക്കുന്നത്.
ഹത്ത വാദി ഹബ്, ഹത്ത ഹിൽ പാർക്ക്, ഹത്ത ഡാം, ഹെറിറ്റേജ് വില്ലേജ് എന്നീ ടൂറിസം കേന്ദ്രങ്ങളിലേക്ക് H04 ബസ് സർവീസ് ഉപയോഗിക്കാവുന്നതാണ്.ഓരോ മുപ്പത് മിനിറ്റ് ഇടവേളയിലുമുള്ള ഈ സർവീസിന് ഓരോ ബസ് സ്റ്റോപ്പിനും 2 ദിർഹം എന്ന രീതിയിലാണ് ടിക്കറ്റ് നിരക്ക്.
Cover Image: Dubai RTA.