ദുബായ്: ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റിന്റെ ആദ്യ ഘട്ടം തുറന്ന് കൊടുത്തതായി RTA

featured GCC News

ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റിന്റെ ആദ്യ ഘട്ടം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 ഡിസംബർ 25-നാണ് RTA ഈ പദ്ധതിയുടെ ആദ്യ ഘട്ടം തുറന്ന് കൊടുത്തത്.

റാസ് അൽ ഖോർ റോഡ് ദുബായ് – അൽ ഐൻ റോഡുമായി ചേരുന്ന ഇന്റർസെക്ഷനിൽ (ബു ഖദ്ര ഇന്റർസെക്ഷൻ) നിന്ന് റാസ് അൽ ഖോർ റോഡ് നാദ് അൽ ഹമർ റോഡുമായി ചേരുന്ന ഇന്റർസെക്ഷൻ വരെയുള്ള ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റിന്റെ ആദ്യ ഘട്ടമാണ് തുറന്ന് കൊടുത്തിരിക്കുന്നത്.

Source: Dubai RTA.

ഈ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നാല് കിലോമീറ്റർ നീളമുള്ള പ്രദേശത്ത് ഇരുവശത്തേക്കും മൂന്ന് വരി പാതയിൽ നിന്ന് നാല് വരി പാതയായി റോഡ് വീതികൂട്ടിയിട്ടുണ്ട്.

Source: WAM.

ദുബായ് ക്രീക്ക് ഹാർബർ വരെയുള്ള എല്ലാ പാലങ്ങളും തുറന്നതായും, മണിക്കൂറിൽ 10600 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്ന രീതിയിൽ റോഡ് നവീകരിച്ചതായും RTA അറിയിച്ചു. എമിറേറ്റിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രധാന നിർമ്മാണ പ്രവർത്തനങ്ങളിലൊന്നാണ് ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റെന്ന് RTA ഡയറക്ടർ ജനറൽ മത്തർ അൽ തയ്യർ അറിയിച്ചു.

Source: WAM.

ഇരു ഘട്ടങ്ങളിലുമായി ഈ പദ്ധതിയുടെ ഭാഗമായി റാസ് അൽ ഖോർ റോഡ് ദുബായ് – അൽ ഐൻ റോഡുമായി ചേരുന്ന ഇന്റർസെക്ഷനിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ വരെയുള്ള എട്ട് കിലോമീറ്റർ നീളത്തിൽ റാസ് അൽ ഖോർ റോഡിന്റെ വീതി കൂട്ടുമെന്നും, റോഡിന് ഇരുവശത്തേക്കും സർവീസ് റോഡ് നിർമ്മിക്കുമെന്നും, ആകെ രണ്ട് കിലോമീറ്റർ നീളമുള്ള പാലങ്ങൾ പണിതീർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയിലൂടെ സഞ്ചരിക്കുന്നതിന് ആവശ്യമാകുന്ന സമയം ഇരുപത് മിനിറ്റിൽ നിന്ന് ഏഴ് മിനിറ്റാക്കി കുറയ്ക്കാനാകുമെന്ന് അദ്ദേഹം അറിയിച്ചു.