യാത്രാസേവനങ്ങളുടെ ആവശ്യകത കൂടുതലുള്ള പ്രദേശങ്ങൾ സ്വയമേവ കണ്ടെത്തി ടാക്സികളെ അത്തരം ഇടങ്ങളിലേക്ക് നയിക്കുന്നതിനായി നിർമ്മിതബുദ്ധിയുടെ സഹായം പ്രയോജനപ്പെടുത്താൻ ഒരുങ്ങുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ദുബായ് ടാക്സി കോർപറേഷന്റെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത കൂടുതൽ ഉയർത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (AI) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏതാനം പദ്ധതികൾക്ക് RTA അംഗീകാരം നൽകിയതിന്റെ ഭാഗമായാണിത്.
2022 സെപ്റ്റംബർ 18-നാണ് ദുബായ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ടാക്സി സേവനങ്ങളുടെ കാര്യക്ഷമത ഉയർത്തുന്നതിനും, ട്രാഫിക് സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനും ഈ AI അധിഷ്ഠിത സേവനങ്ങൾ സഹായകമാകുമെന്ന് RTA ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാൻ മതർ അൽ തയർ അറിയിച്ചു.
ഇതിന്റെ ഭാഗമായുള്ള സ്‍മാർട്ട് ഡയറക്ഷൻ സംവിധാനം AI ഉപയോഗപ്പെടുത്തിക്കൊണ്ട് ബിഗ് ഡാറ്റ വിശകലനം നടത്തുകയും യാത്രാ സേവനങ്ങൾക്ക് കൂടുതൽ ആവശ്യക്കാർ ഉള്ള പ്രദേശങ്ങൾ സ്വയമേവ കണ്ടെത്തി ടാക്സി വാഹനങ്ങളെ അത്തരം ഇടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതാണ്. ദുബായ് ടാക്സി വാഹനങ്ങളുടെ ഇന്ധനക്ഷമത, ട്രിപ്പുകളുടെ എണ്ണം എന്നിവ ഉയർത്തുന്നതിന് ഈ സംവിധാനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.