ദുബായ്: പൊതു ഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തി

GCC News

ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ മെയ് 20, ബുധനാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്തിയതായി റോഡ്‌സ് ട്രാൻസ്പോർട്സ് അതോറിറ്റി (RTA) അറിയിച്ചു. യു എ ഇയിൽ മെയ് 20 മുതൽ നിലവിൽ വരുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമങ്ങളിലുള്ള മാറ്റങ്ങളുടെ ഭാഗമായാണ് RTA-യുടെ തീരുമാനം.

യു എ ഇയിൽ ബുധനാഴ്ച്ച മുതൽ അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണ നടപടികളും രാത്രി 8 മുതൽ രാവിലെ 6 വരെയാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ദുബായ് മെട്രോ, ട്രാം, ബസ്, മറൈൻ ട്രാൻസ്‌പോർട്, ടാക്സി മുതലായ എല്ലാ പൊതുഗതാഗത സംവിധാനങ്ങളുടെയും, ഇവയുടെ അന്വേഷണ കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം അണുനശീകരണ നടപടികളുടെ സമയക്രമത്തിനനുസരിച്ച് ക്രമീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പുതുക്കിയ സമയക്രമം (മെയ് 20 മുതൽ):

  • മെട്രോ – രാവിലെ 7 മുതൽ രാത്രി 9 വരെ. മാസ്കുകൾ, സമൂഹ അകലം എന്നിവ നിർബന്ധം.
  • ട്രാം – രാവിലെ 7 മുതൽ രാത്രി 9 വരെ. മാസ്കുകൾ, സമൂഹ അകലം എന്നിവ നിർബന്ധം.
  • ടാക്സി – രാവിലെ 6 മുതൽ രാത്രി 8 വരെ. മാസ്കുകൾ നിർബന്ധം. പിൻ സീറ്റിൽ മാത്രം യാത്രാ അനുമതി.
  • ജലഗതാഗതം – രാവിലെ 8.30 മുതൽ രാത്രി 7 വരെ. ദുബായ് വാട്ടർകനാൽ സർവീസുകൾ, അൽ ഗുബൈബ സ്റ്റേഷൻ – ഷാർജ അക്വാറിയം സ്റ്റേഷൻ ഫെറി സർവീസുകൾ, വിനോദനൗകകൾ എന്നിവ പ്രവർത്തിക്കില്ല. മാസ്കുകൾ, സമൂഹ അകലം എന്നിവ നിർബന്ധം.
  • ബസ് – രാവിലെ 6 മുതൽ വൈകീട്ട് 8 വരെ. ഇന്റർസിറ്റി ബസുകൾ പ്രവർത്തിക്കില്ല.

പൊതുഗതാഗത സംവിധാനങ്ങളിൽ സമൂഹത്തിന്റെ സുരക്ഷയ്ക്കും, സ്വയം സുരക്ഷയ്ക്കും മാസ്കുകൾ, സമൂഹ അകലം മുതലായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.