രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ എൻട്രി വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ ഒരു പ്രത്യേക അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം വിദേശത്ത് നിന്ന് സൗദിയിലേക്ക് എത്തുന്ന തീർത്ഥാടകർ Eatmarna ആപ്പ് ഉപയോഗിച്ച് കൊണ്ട് ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുമതിയ്ക്കായി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഉംറ ബുക്കിംഗ് ചെയ്യുന്നതിന് മൂന്ന് നിർദ്ദേശങ്ങളാണ് മന്ത്രാലയം മുന്നോട്ട് വെച്ചിരിക്കുന്നത്:
- വിദേശത്ത് നിന്ന് സൗദിയിലേക്ക് എൻട്രി വിസ നേടുക.
- ഉംറ തീർത്ഥാടനം നടത്താൻ ഉദ്ദേശിക്കുന്ന തീയതിയിൽ എൻട്രി വിസയുടെ കാലാവധി സാധുത ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
- Eatmarna ആപ്പ് ഉപയോഗിച്ച് കൊണ്ട് ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുമതിയ്ക്കായി അപേക്ഷിക്കുക.
ഇത്തരത്തിൽ ഉംറ തീർത്ഥാടനം ബുക്ക് ചെയ്ത തീയതിക്ക് ചുരുങ്ങിയത് ആറ് മണിക്കൂർ മുൻപായെങ്കിലും തീർത്ഥാടകർ സൗദിയിലേക്ക് പ്രവേശിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഈ ബുക്കിംഗ് സ്വയമേവ റദ്ദാകുന്നതാണ്.
ഉംറ ബുക്ക് ചെയ്ത ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ യാത്രികർക്ക് COVID-19 രോഗബാധ സ്ഥിരീകരിക്കുന്ന സന്ദർഭത്തിലും, രോഗബാധിതരുമായി സമ്പർക്കം സ്ഥിരീകരിക്കുന്ന സന്ദർഭത്തിലും ഈ ബുക്കിംഗ് സ്വയമേവ റദ്ദാകുന്നതാണ്.
Cover Image: Saudi Press Agency.