രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ എന്നിവ ഉൾപ്പടെയുള്ള ഭക്ഷണശാലകളിലെ ഓരോ മേശകളിലും പരമാവധി പത്ത് പേർക്ക് വരെ ഇരിപ്പിടങ്ങൾ അനുവദിക്കുന്നതിന് അനുമതി നൽകിയതായി സൗദി അധികൃതർ വ്യക്തമാക്കി. സൗദി മിനിസ്ട്രി ഓഫ് മുൻസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് ഒക്ടോബർ 11-ന് പുറത്തിറക്കിയ ഒരു അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഈ തീരുമാനം 2021 ഒക്ടോബർ 11, തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിലേക്കുള്ള പ്രവേശനം ‘Tawakkalna’ ആപ്പിൽ രോഗപ്രതിരോധ ശേഷി ആർജ്ജിച്ചതായുള്ള സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമായി നിയന്ത്രിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
2021 ഒക്ടോബർ 10 മുതൽ COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് മാത്രമാണ് ‘Tawakkalna’ ആപ്പിൽ ‘ഇമ്മ്യൂൺ’ സ്റ്റാറ്റസ് ലഭിക്കുന്നത്. ഭക്ഷണശാലകളിലെത്തുന്നവർ ആരോഗ്യ മന്ത്രാലയം നിഷ്‌കർഷിച്ചിട്ടുള്ള മുഴുവൻ മുൻകരുതൽ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അനുമതി രണ്ട് ഡോസ് COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Cover Image: Saudi Press Agency.