സൗദി: ആസ്ട്രസെനേക്കാ COVID-19 വാക്സിൻ ഉപയോഗിക്കുന്നതിന് SFDA അംഗീകാരം നൽകി

featured GCC News

രാജ്യത്ത് ഓക്സ്ഫോർഡ് ആസ്ട്രസെനേക്കാ COVID-19 വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനും, ഉപയോഗിക്കുന്നതിനും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) ഔദ്യോഗിക അനുമതി നൽകി. ഫെബ്രുവരി 18, വ്യാഴാഴ്ച്ചയാണ് SFDA ഈ വാക്സിന് അംഗീകാരം നൽകിയത്.

ഈ വാക്സിൻ സംബന്ധിച്ച് നിർമ്മാതാക്കൾ സമർപ്പിച്ച പഠനറിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ്, രാജ്യത്ത് ഇത് ഉപയോഗിക്കുന്നതിന് അനുമതി നൽകുന്നതെന്ന് SFDA വ്യക്തമാക്കി. ആദ്യ ബാച്ച് വാക്സിൻ രാജ്യത്ത് എത്തിയ ശേഷം ഇത് സംബന്ധിച്ച് SFDA കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

COVID-19 വൈറസിനെതിരെ ഈ വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പിന് ശേഷം 70.42% ഫലപ്രദമാണെന്ന് ആസ്ട്രസെനേക്കാ പുറത്ത്‌വിട്ട പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വാക്സിൻ പൊതുവെ സുരക്ഷിതമാണെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. ഇംഗ്ലണ്ടിലെ കാംബ്രിഡ്ജിൽ സ്ഥിതിചെയ്യുന്ന ആസ്ട്രസെനേക്ക ബ്രിട്ടീഷ്-സ്വീഡിഷ് സംയുക്ത ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് തയ്യാറാക്കിയ ഈ വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലാണ് നിർമ്മിക്കുന്നത്.

രാജ്യത്ത് ഇതുവരെ ഏതാണ്ട് അര ദശലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി അറിയിച്ചു. COVID-19 രോഗബാധയേറ്റ ശേഷം രോഗമുക്തരായവർക്ക്, രോഗമുക്തി നേടി ആറ് മാസത്തിന് ശേഷം ഒരു ഡോസ് കൊറോണ വൈറസ് വാക്സിൻ നൽകുന്നതിന് നാഷണൽ കമ്മിറ്റി ഫോർ ഇൻഫെക്ഷ്യസ് ഡിസീസസ് അംഗീകരം നൽകിയതായും അദ്ദേഹം അറിയിച്ചു. ഇത്തരക്കാരിൽ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് ഒരു ബൂസ്റ്റർ ഡോസ് എന്ന നിലയിലാണ് ഈ ഒറ്റ ഡോസ് കുത്തിവെപ്പ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.