12 വയസിന് മുകളിൽ പ്രായമുള്ള വിദേശ തീർത്ഥാടകർക്ക് ഉംറ തീർത്ഥാടനത്തിനായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതുവരെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള വിദേശ തീർത്ഥാടകർക്ക് മാത്രമാണ് ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കാൻ സൗദി അനുമതി നൽകിയിരുന്നത്. ഈ പുതിയ തീരുമാനത്തോടെ വിദേശത്ത് നിന്നെത്തുന്ന 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഉംറ തീർത്ഥാടനത്തിനായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും, ഉംറ അനുഷ്ഠിക്കുന്നതിനും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
രണ്ട് ഡോസ് COVID-19 വാക്സിനെടുത്തിട്ടുള്ള 12 വയസിന് മുകളിൽ പ്രായമുള്ള ആഭ്യന്തര തീർത്ഥാടകർക്ക് നേരത്തെ തന്നെ സൗദി ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് ആരംഭിച്ചിരുന്നു. ഇതോടെ 12 വയസിന് മുകളിൽ പ്രായമുള്ള സൗദിയിലെ മുഴുവൻ പ്രവാസികൾ, പൗരന്മാർ, ജി സി സി രാജ്യങ്ങളിലെ പൗരന്മാർ, മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ എന്നീ വിഭാഗങ്ങൾക്ക് ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
വിവിധ വിസകളിൽ വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപായി തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് ‘Quddum’ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണ്ടതാണ്. ഇവർ സൗദിയിലെത്തിയ ശേഷം ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിലും രജിസ്റ്റർ ചെയ്യണ്ടതാണ്. Tawakkalna ആപ്പിൽ തങ്ങളുടെ ആരോഗ്യ സ്റ്റാറ്റസ് ഉൾപ്പെടുത്തിയ ശേഷം ഇത്തരം തീർത്ഥാടകർക്ക് ഉംറ, മറ്റു തീർത്ഥാടന പെർമിറ്റുകൾ എന്നിവയ്ക്ക് ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിലൂടെ അപേക്ഷിക്കാവുന്നതാണ്.