93-മത്തെ സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പ്രത്യേക വ്യോമ, നാവിക അഭ്യാസപ്രകടനങ്ങൾ നടത്തുമെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2023 സെപ്റ്റംബർ 16-നാണ് സൗദി പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇതിന്റെ ഭാഗമായി സൗദി സായുധസേനാ വിഭാഗങ്ങൾ വിവിധ മേഖലകളിലെ ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതാണ്. ഇവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യോമ, നാവിക അഭ്യാസപ്രകടനങ്ങൾ നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
റോയൽ എയർ ഫോഴ്സിന്റെ ഭാഗമായുള്ള ടൈഫൂൺ, F-15, ടൊർണാഡോ മുതലായ വിവിധ ജെറ്റ് വിമാനങ്ങൾ സൗദി അറേബ്യയിലെ പതിമൂന്ന് നഗരങ്ങളിൽ പ്രത്യേക വ്യോമാഭ്യാസ പ്രകടനങ്ങൾ കാഴ്ച്ചവെക്കുന്നതാണ്. റിയാദ്, ജിദ്ദ, ധഹ്‌റാൻ, ദമാം, അൽ ജൗഫ്, ജുബൈൽ, അൽ അഹ്‌സ, തായിഫ്, അൽ ബാഹ, തബൂക്, അബ്ഹ, ഖമീസ് മുശൈത്, അൽഖോബാർ എന്നീ സൗദി നഗരങ്ങളിലാണ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്.
ഇതിന് പുറമെ, ദേശീയ ദിനമായ സെപ്റ്റംബർ 23-ന് വിവിധ നഗരങ്ങളിൽ സൗദി ഹ്വാക്സ് എയ്റോബാറ്റിക് ടീം പ്രത്യേക അഭ്യാസപ്രകടനങ്ങൾ കാഴ്ച്ചവെക്കുന്നതാണ്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഈസ്റ്റേൺ, വെസ്റ്റേൺ ഫ്‌ളീറ്റുകളിൽ റോയൽ സൗദി നേവി പ്രത്യേക നേവൽ പരേഡ്, മറ്റു പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതാണ്.
ജിദ്ദയിലെ വാട്ടർഫ്രണ്ടിൽ ജലനൗകകൾ, നാവിക കപ്പലുകൾ, മറൈൻ സെക്യൂരിറ്റി ബോട്ടുകൾ എന്നിവ ഉൾപ്പെടുന്ന ഒരു പരേഡ് ഉണ്ടായിരിക്കുന്നതാണ്. ഇതിൽ ഹെലികോപ്റ്ററുകൾ നടത്തുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ, സൈനിക വാഹനങ്ങളുടെ പരേഡ്, ആയുധ പ്രദർശനം എന്നിവയും ഉൾപ്പെടുന്നു. ജുബൈലിലെ അൽ ഫനാതീർ ബീച്ചിൽ നേവൽ കമാൻഡോകൾ പങ്കെടുക്കുന്ന കടൽവഴിയുള്ള ആക്രമണത്തിന്റെ മോക്ഡ്രിൽ ഉണ്ടായിരിക്കും.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2023 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) നേരത്തെ അറിയിച്ചിട്ടുണ്ട്.
Cover Image: Saudi Ministry of Defense.