വിദേശ നിക്ഷേപകർക്കായി സൗദി അറേബ്യ നടപ്പിലാക്കിയിരുന്ന ‘വിസിറ്റിംഗ് ഇൻവെസ്റ്റർ’ ബിസിനസ് ഇ-വിസയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2023 നവംബർ 7-നാണ് സൗദി വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സൗദി മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റുമായി ചേർന്നാണ് വിദേശകാര്യ മന്ത്രാലയം ഇത്തരം വിസകൾ നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തിൽ എല്ലാ രാജ്യങ്ങളിൽ നിന്നുള്ള അർഹതയുള്ളവർക്കും ഇത്തരം വിസകൾ അനുവദിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് താത്പര്യമുള്ള വിദേശ നിക്ഷേപകരെ ലക്ഷ്യമിട്ടുള്ള പ്രത്യേക ‘വിസിറ്റിംഗ് ഇൻവെസ്റ്റർ’ ബിസിനസ് ഇ-വിസ അവതരിപ്പിക്കുന്നതായി സൗദി മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് 2023 ജൂൺ 8-ന് അറിയിച്ചിരുന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ ഏതാനം രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർക്ക് മാത്രമായി ഇത്തരം വിസകൾ പരിമിതപ്പെടുത്തിയിരുന്നു.
ഇപ്പോൾ മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർക്ക് കൂടി ലഭ്യമാക്കുന്ന രീതിയിൽ ‘വിസിറ്റിംഗ് ഇൻവെസ്റ്റർ’ വിസ പദ്ധതി മന്ത്രാലയം വിപുലീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ നിക്ഷേപ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് ആഗ്രഹമുള്ള നിക്ഷേപരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനായാണ് ഇത്തരം വിസകൾ അവതരിപ്പിക്കുന്നത്.
വിസകൾ അനുവദിക്കുന്നതിനുള്ള സൗദി യൂണിഫൈഡ് നാഷണൽ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നതാണ് ഈ ഇലക്ട്രോണിക് വിസകൾ. വിദേശ നിക്ഷേപകർക്ക് ചുരുങ്ങിയ നടപടിക്രമങ്ങളിലൂടെ ഇത്തരം വിസകൾക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനും, വിസ നേടുന്നതിനും ഈ സംവിധാനത്തിലൂടെ അവസരം ലഭിക്കുന്നു.
Cover Image: @MISA.