രാജ്യത്തെ നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾക്ക് സൗദി അറേബ്യയിൽ ഡിസംബർ 17, വ്യാഴാഴ്ച്ച തുടക്കമായി. രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ഔദ്യോഗിക അനുമതി നൽകിയിട്ടുള്ള ഫൈസർ, ബയോ എൻ ടെക് (BioNTech) COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 16-ന് സൗദിയിലെത്തിയിരുന്നു.
സൗദിയിലെ പൗരന്മാർക്കും, നിവാസികൾക്കും COVID-19 വാക്സിൻ സൗജന്യമായി നൽകുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരോഗ്യ മന്ത്രാലയത്തിന്റെ ‘Sehhaty’ എന്ന ആപ്പിലൂടെ ആരംഭിച്ചിരുന്നു. നടപടികൾ ആരംഭിച്ച് 24 മണിക്കൂറിനകം ഏതാണ്ട് ഒന്നരലക്ഷത്തിൽ പരം പേർ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. ആദ്യ ബാച്ച് വാക്സിൻ എത്തിയതോടെ സൗദി ആരോഗ്യ മന്ത്രാലയം ഡിസംബർ 17 മുതൽ COVID-19 വാക്സിനേഷൻ യത്നത്തിന് തുടക്കമിട്ടു.
വാക്സിൻ സ്വീകരിക്കുന്നതിനായി ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയവരിൽ നിന്ന് പ്രായമായ പൗരന്മാരെയും, പ്രവാസികളെയും കുത്തിവെപ്പിനായി സൗദി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച്ച ക്ഷണിക്കുകയായിരുന്നു. നിലവിൽ രാജ്യത്തെ നിവാസികൾക്ക് നൽകിത്തുടങ്ങിയിട്ടുള്ള COVID-19 വാക്സിനിന്റെ സുരക്ഷ സംബന്ധിച്ച് ആത്മവിശ്വാസം ഉയർത്തുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയയും ആദ്യ ദിവസം വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുകയുണ്ടായി. ഈ വാക്സിൻ സുരക്ഷിതമാണെന്ന് കുത്തിവെപ്പ് സ്വീകരിച്ച ശേഷം അദ്ദേഹം അറിയിച്ചു.
“മഹാമാരിയുടെ പ്രതിസന്ധികൾ അവസാനിക്കുന്നതിന്റെ ആരംഭത്തിന് ഇവിടെ തുടക്കം കുറിക്കുന്നു”, വാക്സിനേഷൻ യത്നത്തിന് തുടക്കമായതിനെ കുറിച്ച് ആരോഗ്യ വകുപ്പ് മന്ത്രി പ്രതികരിച്ചു. ഏതാണ്ട് 550-ൽ പരം ക്ലിനിക്കുകൾ വാക്സിനേഷൻ നടപടികൾക്കായി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയിലുടനീളം വാക്സിൻ ലഭ്യമാകുന്ന രീതിയിലാണ് ക്ലിനിക്കുകൾ സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാഴ്ച്ചത്തെ ഇടവേളയിൽ രണ്ട് തവണയുള്ള കുത്തിവെപ്പുകളായാണ് ഫൈസർ, ബയോ എൻ ടെക് വാക്സിൻ നൽകുന്നത്.
സൗദിയിലെ പ്രവാസികളും, പൗരന്മാരുമുൾപ്പടെ മുഴുവൻ പേർക്കും വാക്സിൻ സൗജന്യമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. COVID-19 വാക്സിൻ നൽകുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഉടൻ പൂർത്തിയാക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ഡോ. തൗഫീഖ് അൽ റാബിയ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. മുൻകൂട്ടി പ്രഖ്യാപിച്ചിട്ടുള്ള മുൻഗണന ക്രമമനുസരിച്ചാണ് വാക്സിനേഷൻ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
മൂന്ന് ഘട്ടങ്ങളിലായാണ് COVID-19 വാക്സിനേഷൻ സൗദിയിൽ നടപ്പിലാക്കുന്നത്. 65 വയസ്സിൽ കൂടുതൽ പ്രായമായ പൗരന്മാർ, പ്രവാസികൾ, 40-ൽ കൂടുതൽ ബോഡി മാസ് ഇൻഡക്സ് രേഖപ്പെടുത്തുന്നവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, മുൻപ് പക്ഷാഘാതം വന്നിട്ടുള്ളവർ, ആസ്തമ, പ്രമേഹം, കിഡ്നി പ്രശ്നങ്ങൾ തുടങ്ങിയ രണ്ടിലധികം വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നീ വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുന്നത്. വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾക്ക് വ്യാഴാഴ്ച്ച മുതൽ തുടക്കമായതോടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയവരിൽ ബാക്കിയുള്ളവർക്ക് മുൻഗണനാ ക്രമത്തിൽ വരും ദിനങ്ങളിൽ വാക്സിൻ നൽകുന്നതാണ്.