സൗദിയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു; പരിശോധനകളും, മുൻകരുതൽ നടപടികളും ശക്തമാക്കിയതായി ആരോഗ്യ വകുപ്പ്

Saudi Arabia

ഗൾഫ് മേഖലയിൽ COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദം സൗദി അറേബ്യയിൽ ആദ്യമായി സ്ഥിരീകരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഡിസംബർ 1-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം അറിയിച്ചത്.

നോർത്ത് ആഫ്രിക്കയിലെ ഒരു രാജ്യത്ത് നിന്ന് സൗദിയിലേക്ക് മടങ്ങിയെത്തിയ ഒരു സൗദി പൗരനിലാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത സ്രോതസുകളെ ഉദ്ധരിച്ചാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച വ്യക്തിയെ ഐസൊലേഷനിലാക്കിയതായും, ഇദ്ദേഹവുമായി സമ്പർക്കത്തിനിടയായവരെ നിരീക്ഷിച്ച് വരുന്നതായും സ്രോതസുകൾ അറിയിച്ചു. ആവശ്യമായ എല്ലാ ആരോഗ്യ നടപടികളും സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രത്യേക ആരോഗ്യ സൂക്ഷ്‌മ പരിശോധനകൾ ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒമിക്രോൺ വകഭേദത്തെക്കുറിച്ച് നിലവിൽ പ്രാഥമിക വിവരങ്ങൾ മാത്രമാണ് ലഭ്യമെന്നും, ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഡിസംബർ 1-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി അറിയിച്ചു.

ഒമിക്രോൺ സംബന്ധമായ വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിലും, സൗദിയിലുമുള്ള ആരോഗ്യ വിദഗ്‌ദ്ധർ ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒമിക്രോൺ വകഭേദത്തിന്റെ അപകട സാദ്ധ്യതകൾ കൃത്യമായി മനസ്സിലാക്കുന്നതിന് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്ന് അറിയിച്ച അദ്ദേഹം ജനങ്ങളോട് ജാഗ്രത തുടരാനും, പ്രതിരോധ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം ഡിസംബർ 1-ന് രാത്രി അറിയിച്ചിട്ടുണ്ട്.