ഹജ്ജ്, ഉംറ വിസകൾ ലഭിക്കുന്നതിനായി തീർത്ഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്പ് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി. ഒക്ടോബർ 6, ബുധനാഴ്ച്ച സൗദി വിദേശകാര്യ വകുപ്പ് മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഈ ആപ്പ് ഉദ്ഘാടനം ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹജ്ജ്, ഉംറ തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് ഈ സംവിധാനത്തിലൂടെ തങ്ങളുടെ സ്വന്തം രാജ്യങ്ങളിൽ നിന്ന് തന്നെ ഓൺലൈനിലൂടെ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിനും, വിസ നേടുന്നതിനും സാധിക്കുന്നതാണ്. വിസയുമായി ബന്ധപ്പെട്ട ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള വിസ കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും ഈ ഓൺലൈൻ സംവിധാനത്തിലൂടെ ഒഴിവാകുന്നതാണ്.
ഈ ആപ്പിലൂടെ തീർത്ഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ ഓൺലൈനിലൂടെ നൽകുന്നതിന് സാധ്യമാക്കുന്ന രീതിയിലാണ് ഈ ആപ്പ് തയ്യാറിയാക്കിയിരിക്കുന്നതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. ബയോമെട്രിക് വിവരങ്ങൾ ഒത്ത് നോക്കുന്ന നടപടികൾ തീർത്ഥാടകർ സൗദിയിലേക്കുള്ള കര, കടൽ, വ്യോമ അതിർത്തികളുടെ പ്രവേശിക്കുന്ന അവസരത്തിൽ പൂർത്തിയാക്കുന്നതാണ്.
ഇ-വിസ അനുവദിക്കുന്നതിനായി ഇത്തരത്തിൽ സ്മാർട്ട് ഫോണുകളിലൂടെ ബയോമെട്രിക് രജിസ്ട്രേഷൻ ഇതാദ്യമായാണ് ഒരു രാജ്യം നടപ്പിലാക്കുന്നത്.