രാജ്യത്തെ കറൻസി നോട്ടുകൾ കേടുവരുത്തുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യുന്നവർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദിയിൽ പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകൾ മനപ്പൂർവം വികലമാക്കുന്നതിനായി അവയെ വികൃതമാക്കുക, കീറുക, മറ്റു രീതിയിൽ കേടുപാടുകൾ വരുത്തുക തുടങ്ങിയ പ്രവർത്തികൾക്കെല്ലാം ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്. നാണയങ്ങളുടെ അരിക്, വശങ്ങൾ എന്നിവ ചുരണ്ടി അവയെ കേടുവരുത്തുന്നതും, അവയുടെ തൂക്കം കുറയാനിടവരുന്ന പ്രവർത്തികൾ ചെയ്യുന്നതും ശിക്ഷാർഹമാണ്.
ഇത്തരം പ്രവർത്തികൾക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും മൂവായിരം മുതൽ പതിനായിരം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. മറ്റു രാജ്യങ്ങളിൽ പ്രചാരത്തിലുള്ള കറൻസി നോട്ടുകൾ വികലമാക്കുന്നതും ഇതേ നിയമമനുസരിച്ച് സൗദിയിൽ ശിക്ഷാർഹമായ പ്രവർത്തിയാണ്. വ്യാജ കറൻസി നോട്ടുകൾ, വ്യാജ നാണയങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതും, നിർമ്മിക്കുന്നതും സൗദി അറേബ്യയിൽ ഒരു ലക്ഷം റിയാൽ പിഴയും, 15 വർഷം വരെ നീണ്ട് നിൽക്കാവുന്ന കഠിന തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.