പ്രതിദിനം ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയിരിക്കുന്ന തീർത്ഥാടകരുടെ എണ്ണം എഴുപതിനായിരമാക്കി ഉയർത്താൻ തീരുമാനിച്ചതായി സൗദി ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം സെപ്റ്റംബർ 9, വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
സെപ്റ്റംബർ 8-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. Etamarna, Tawakkalna എന്നീ ആപ്പുകളിലൂടെയാണ് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത്. COVID-19 വാക്സിനെടുത്തവർക്ക് മാത്രമാണ് ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നത്.
COVID-19 വാക്സിന്റെ 2 ഡോസുകൾ സ്വീകരിച്ചവർ, ഒന്നാം ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയവർ, COVID-19 രോഗമുക്തി നേടിയവർ എന്നീ വിഭാഗങ്ങൾക്കാണ് സൗദിയിൽ നിന്ന് ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കാനാകുന്നത്. വിദേശത്ത് നിന്നെത്തുന്നവർ സൗദി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ സ്വീകരിച്ചതിന്റെ ഔദ്യോഗിക രേഖകൾ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
തീർത്ഥാടനത്തിൽ പ്രതിദിനം പങ്കെടുക്കുന്നവരുടെ പരിധി ഉയർത്തിയതോടെ മാസം തോറും ഏതാണ്ട് 2.1 ദശലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്. ഹജ്ജ് തീർത്ഥാടനത്തിന് ശേഷം 2021 ഓഗസ്റ്റ് 9 മുതൽ വിദേശത്ത് നിന്നുള്ള ഉംറ തീർത്ഥാടകർക്ക് സൗദി പ്രവേശനം അനുവദിച്ചിരുന്നു.