സൗദി: ഒക്ടോബർ 10 മുതൽ ആഭ്യന്തര വിമാനയാത്രകൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രം

featured GCC News

2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകൾ ഉപയോഗിക്കുന്നവർക്ക് COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയിരിക്കണമെന്ന നിബന്ധന ബാധകമാകുമെന്ന് സൗദി വ്യോമയാന അധികൃതർ വ്യക്തമാക്കി. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) ഇതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഒക്ടോബർ 10 മുതൽ ആഭ്യന്തര വിമാനയാത്രകൾ അനുവദിക്കുന്നതെന്ന് GACA വ്യക്തമാക്കിയിട്ടുണ്ട്. ഈ നിബന്ധന സ്വകാര്യ വിമാനങ്ങൾക്കും ബാധകമാണ്.

വാക്സിനെടുക്കുന്നതിന് Tawakkalna ആപ്പിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ തീരുമാനം ബാധകമല്ലാത്തതെന്ന് GACA കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും GACA അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് 2021 ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമാണ് രോഗപ്രതിരോധ ശേഷിയാർജ്ജിച്ചവരായി കണക്കാക്കുന്നതെന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തീരുമാനം.

രാജ്യത്തെ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും എടുത്തിരിക്കണം എന്ന നിബന്ധന ഏർപ്പെടുത്താൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെത്തുടർന്ന് ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമാണ് രോഗപ്രതിരോധ ശേഷിയാർജ്ജിച്ചവരായി കണക്കാക്കുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ Tawakkalna ആപ്പിൽ വരുത്തിയതായും ഒക്ടോബർ 3-ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഫൈസർ, ഓക്സ്ഫോർഡ് ആസ്ട്രസെനേക, മോഡർന എന്നീ വാക്സിനുകളുടെ 2 ഡോസ്, അല്ലെങ്കിൽ ജോൺസൻ ആൻഡ് ജോൺസൻ പുറത്തിറക്കിയിട്ടുള്ള വാക്സിന്റെ ഒരു ഡോസ് എന്നിവ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഒക്ടോബർ 10 മുതൽ Tawakkalna ആപ്പിൽ രോഗപ്രതിരോധ ശേഷിയാർജ്ജിച്ചതായുള്ള സ്റ്റാറ്റസ് ലഭിക്കുക.