രാജ്യത്തെ റിയൽ എസ്റ്റേറ്റ്, സിനിമാ മേഖലകളിലെ തൊഴിലുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം ഒക്ടോബർ 1, വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു. റിയൽ എസ്റ്റേറ്റ് മേഖലകളിൽ മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള തൊഴിലുകളിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനും, രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ആകെ 70 ശതമാനം തൊഴിലുകൾ സ്വദേശിവത്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് മന്ത്രാലയം ഈ പദ്ധതി നടപ്പിലാക്കുന്നത്.
റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ്, റിയൽ എസ്റ്റേറ്റ് മാർക്കറ്റിംഗ് തുടങ്ങിയ തൊഴിലുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാകുന്നതാണ്. സ്വദേശികൾക്കായി ഏതാണ്ട് 11000 തൊഴിലുകൾ ഉറപ്പാക്കുന്നതിന് ഈ തീരുമാനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു.
സിനിമാ മേഖലയിലെയും, അനുബന്ധ മേഖലകളിലെയും മുഴുവൻ തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. സിനിമാ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പുറമേ, ഇതുമായി ബന്ധപ്പെട്ട മേഖലകളിലെ സൂപ്പർവൈസറി പദവികൾ, ചില്ലറ വില്പന, ടിക്കറ്റ് വില്പന, ഭക്ഷണപാനീയങ്ങളുടെ വില്പന തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്.
ഈ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ ഏതാനം മേഖലകളിൽ പ്രവാസികളെ നിലനിർത്തുന്നതിന് മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. എന്നാൽ ആകെ ജീവനക്കാരുടെ 15 ശതമാനം പ്രവാസികളെ മാത്രമാണ് ഇത്തരത്തിൽ അനുവദിക്കുന്നത്.