അബുദാബി: യാസ് ഐലൻഡിലെ സീവേൾഡ് 2023 മെയ് 23-ന് തുറക്കും

featured UAE

യാസ് ഐലൻഡിലെ സീവേൾഡ് അബുദാബി 2023 മെയ് 23 മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. 2023 മാർച്ച് 21-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ലോകത്തെ തന്നെ ഏറ്റവും വലിയ അക്വേറിയം സ്ഥിതി ചെയ്യുന്ന ഈ സമുദ്ര-ജീവി സംരക്ഷണ/പ്രദർശന കേന്ദ്രം അബുദാബിയുടെ പരിസ്ഥിതി സംരക്ഷണ നയങ്ങൾക്ക് മാറ്റേകും. കരയിലെയും, സമുദ്രത്തിലെയും ജീവൻ തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്നതിനായി ‘വൺ ഓഷ്യൻ’ എന്ന പ്രമേയത്തിലാണ് സീവേൾഡ് രൂപകൽപന ചെയ്യുന്നത്.

സന്ദർശകർക്ക് സമുദ്രജലജീവികളെ അടുത്തറിയുന്നതിനും, അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനുമൊപ്പം, വിനോദം, ആഘോഷങ്ങൾ, ഭക്ഷണാനുഭവങ്ങൾ, ഷോപ്പിംഗ് എന്നിവയും ആസ്വദിക്കുന്നതിന് സീവേൾഡ് അവസരമൊരുക്കുന്നു. സീവേൾഡ് പാർക്സ് ആൻഡ് എന്റർടൈമെന്റ്, മിറാൾ എന്നിവർ സംയോജിച്ചാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

അഞ്ച് ഇൻഡോർ ലെവലുകളിൽ ഏതാണ്ട് 183000 സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ ഒരുക്കിയിട്ടുള്ള സീവേൾഡ് ആഗോളതലത്തിൽ തന്നെ ഏറ്റവും ചെലവേറിയതും, വലുതുമായ ഇത്തരം പദ്ധതിയാണ്. ആകെ 25 ദശലക്ഷം ലിറ്ററിലധികം ജലം ഉൾകൊള്ളുന്ന ഈ അക്വേറിയത്തിൽ 68000-ത്തിൽ പരം സമുദ്രജല ജീവികൾ ഉണ്ടായിരിക്കും.

Cover Image: Abu Dhabi Media Office.