അബുദാബി: COVID-19 ടെസ്റ്റിംഗ് സംവിധാനങ്ങൾ വിപുലമാക്കി SEHA; ദിനവും 7000-ത്തോളം അധിക പരിശോധനകൾ

GCC News

യു എ ഇയിലെ COVID-19 ടെസ്റ്റിംഗ് ത്വരിതപ്പെടുത്തുന്നതിനായി, പരിശോധനാ സംവിധാനങ്ങൾ വിപുലപ്പെടുത്തിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. അബുദാബി കിരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച്, മേഖലയിലെ COVID-19 ടെസ്റ്റിംഗ് ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയതായി അധികൃതർ, മെയ് 21 പുലർച്ചെ, സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

ഇതിനായി അബുദാബിയിലും, ദുബായിലുമായി 9 പുതിയ പരിശോധനാ കേന്ദ്രങ്ങൾ കൂടി ഒരാഴ്ചക്കകം ആരംഭിക്കുമെന്നും, നിലവിലുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയം വർദ്ധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി അബുദാബിയിലും, അൽ ഐനിലും, നിലവിൽ ആഴ്ചയിൽ അഞ്ച് ദിവസം പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ, പരിശോധനകൾ ആറ് ദിവസമാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. SEHA-യുടെ ആരോഗ്യ സംവിധാനങ്ങളിലൊന്നായ അൽ ദഫ്‌റ ഹോസ്പിറ്റൽസിനു കീഴിൽ സില, മിർഫ, ലിവ എന്നിവിടങ്ങളിൽ പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

ഇത് കൂടാതെ, അബുദാബിയിൽ അൽ ഷംഖ, അൽ മദിന, കോർണിഷ് എന്നിവിടങ്ങളിലും, അൽ ഐനിൽ അൽ ദഹർ, അൽ മസൗദി എന്നിവിടങ്ങളിലും, ദുബായിലെ സിറ്റി വാക്കിലും SEHA ഒരാഴ്ചയ്ക്കകം പുതിയ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കും. ഇവ പ്രവർത്തനമാരംഭിക്കുന്നതോടെ, SEHA-യുടെ കീഴിൽ 24 ടെസ്റ്റിംഗ് കേന്ദ്രങ്ങളിലായി ആഴ്ച്ചതോറും 115000 പരിശോധനകൾ നടത്താവുന്നതാണ്. നിലവിൽ നടത്തുന്നതിനേക്കാൾ, ദിനവും 7000-ത്തോളം അധിക പരിശോധനകൾ ഇതിലൂടെ സാധ്യമാകുന്നതാണ്.

യു എ ഇ പൗരന്മാർ, അവരുടെ വീട്ടു ജോലിക്കാർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, 50 വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികൾ, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, COVID-19 രോഗലക്ഷണങ്ങൾ ഉള്ളവർ, രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകാനിടയായവർ എന്നിവർക്ക് ഈ കേന്ദ്രങ്ങളിൽ സൗജന്യമായി കൊറോണ വൈറസ് ടെസ്റ്റിംഗ് നടത്താവുന്നതാണ്.