അറിയപ്പെടാതെ പോകുന്ന ചരിത്ര സത്യങ്ങൾ – സെർഗീ പാവ്‌ലോവിച്ച് കൊറോലേവ്

Ezhuthupura

യൂറി ഗഗാറിനെ കുറിച്ച് നമ്മൾ അറിയുമ്പോഴും, അദ്ദേഹത്തെ കണ്ട് പിടിച്ച് പരിശീലിപ്പിച്ച് ഒരു പേടകത്തിൽ ബഹിരാകാശത്തേക്ക് അയച്ച് ഭൂമിയെ ചുറ്റിവരാൻ പ്രാപ്തനാക്കിയ സെർഗീ പാവ്‌ലോവിച്ച് കൊറോലേവ് എന്ന റഷ്യൻ ബഹിരാകാശ ശാസ്ത്രഞ്ജനെ നമ്മൾ അറിയുന്നില്ല എന്നുള്ളതാണ് ചരിത്ര ദുരന്തം എന്ന് പറയപ്പെടുന്നത്. 1950-60 കാലഘട്ടങ്ങളിൽ ലോക രാജ്യങ്ങളെയെല്ലാം പിൻന്തള്ളി കൊണ്ട് സോവിയറ്റ് യൂണിയൻ ബഹിരാകാശ ദൗത്യത്തിൽ മഹത്തായ നിരന്തരമായ വിജയവും ആയി മുന്നോട്ട് പോകുമ്പോൾ അതിന് ചുക്കാൻ പിടിച്ചത് സെർഗീ കൊറോലേവ് എന്ന റോക്കറ്റ് എഞ്ചിനീയറായിരുന്നു.

ആദ്യം “ലെയ്ക്ക” എന്ന ഒരു നായയെ ബഹിരാകാശത്തേക്ക് അയക്കുന്നതിലും, ഭൂമിയെ വലം വെക്കുന്നതിലും വിജയിക്കുന്ന കൊറോലേവിനു കീഴിലുള്ള റഷ്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ, തുടർന്ന് യൂറി ഗഗാറിനെ ബഹിരാകാശത്തേക്ക് അയക്കുന്നതിലും, തിരികെ ഭൂമിയിലേക്ക് മടക്കിയെത്തിക്കുന്നതിലും വിജയം നേടുന്നു. ഇന്ത്യ ഉൾപ്പെടെ ലോക രാജ്യങ്ങളെല്ലാം ഉറ്റു നോക്കിയിരുന്നതും സോവിയറ്റ് യൂണിയന്റെ ബഹിരാകാശ ദൗത്യങ്ങളെ തന്നെയായിരുന്നു. സോവിയറ്റ് ഗഗനസഞ്ചാരികളെ ചന്ദ്രനിൽ എത്തിക്കുന്നതിനുള്ള പരിശ്രമങ്ങൾക്കിടയിലാണ് സെർഗീ കൊറോലേവ് ക്യാൻസർ ബാധിതനായി മരിക്കുന്നത്. (ജനുവരി 14 – 1966 , മോസ്കോയിൽ വച്ച് ) തുടർന്ന് സോവിയറ്റ് ബഹിരാകാശ ദൗത്യങ്ങൾ നിയന്ത്രിക്കാൻ കഴുവുള്ളവരുടെ അഭാവത്തിൽ തകിടം മറിയുന്ന കാഴ്ചകളും, അതുവരെ ഉണ്ടായിരുന്ന സ്‌പേസ് അപ്രമാദിത്വത്തിൽ നിന്ന് പിന്നോട്ട് പോകുന്ന കാഴ്ചകളും ലോകം കണ്ടു.

കൊറോവിന്റെ ജീവിത കഥ പരിശോധിച്ചാൽ, രണ്ടാം ലോക മഹായുദ്ധകാലത്ത് ഈ മനുഷ്യനെ സ്റ്റാലിന്റെ കീഴിലുള്ള ഭരണകൂടം വിധ്വംസക പ്രവർത്തനങ്ങൾ ചുമത്തപ്പെട്ട് കാരാഗൃഹത്തിൽ അടച്ച് പീഡിപ്പിക്കപെടുന്നതും, പിന്നീട് ജയിൽ മോചിതൻ ആകുന്നതും. ശേഷം ഇതേ രാജ്യത്തിന് വേണ്ടി തന്നെ ഇത്രയധികം മഹത്തായ സംഭാവനകൾ നൽകിയതും, ആ രാജ്യത്തിന് ശത്രുവാകാതെ സോവിയറ്റ് ബഹിരാകാശ സുപ്നങ്ങളെ വാനോളം ഉയർത്താൻ മുന്നിൽ നിന്ന് നയിച്ചു എന്നതും അമ്പരപ്പിക്കുന്ന ഒരു വസ്തുതയാണ്.

നമ്മുടെ സഫാരി ചാനൽ (സഞ്ചാരം) സന്തോഷ് ജോർജ്ജ് കുളങ്ങര തന്റെ ഉക്രൈൻ യാത്രാ വേളയിൽ സെർഗീ കൊറോലേവിന്റെ സ്മാരകം സന്ദർശിക്കുന്നുണ്ട്. അവിടുത്തുകാരോട് അദ്ദേഹം സെർഗീ കൊറോലേവിനെ കുറിച്ച് അന്വഷിക്കുമ്പോൾ, അവർ അറിയില്ല എന്ന പറഞ്ഞ് കൈമലർത്തുന്നകാഴ്ചയാണ് നമ്മെ അതിശയിപ്പിക്കുന്നതാണ്. ഏതായാലും സന്തോഷ് ജോർജ്ജ് കുളങ്ങര, സെർഗീ കൊറോലേവ് എന്ന സോവിയറ്റ് റോക്കറ്റ് ശാസ്ത്രജ്ഞനു അവിടെ നിന്ന് പ്രണാമം അർപ്പിക്കുന്നുണ്ട്. സ്വന്തം രാജ്യത്ത് അറിയപ്പെടാത്ത കൊറോലേവിന് വേണ്ടി ഈ മലയാളക്കരയിൽ നിന്നും പോയി പ്രണാമം അർപ്പിച്ച ശ്രീ . സന്തോഷ് ജോർജ് കുളങ്ങരയെ കുറിച്ച് നമുക്ക് മലയാളികൾക്ക് എന്നും അഭിമാനിക്കാം.

തയ്യാറാക്കിയത്: നസീർ പാങ്ങോട് .

കവർ ചിത്രം: വിഖ്യാത സോവിയറ്റ് ശില്‍പി ഒലെഗ് കൊമോവിന്റെ ‘കൊറോലേവ് ആൻഡ് ഗഗാറിൻ മോണുമെന്റ്‘ എന്ന വെങ്കല പ്രതിമ. (റഷ്യയിലെ ടഗൻറോഗിലെ ചെക്കോവ് സ്ട്രീറ്റിൽ)

Leave a Reply

Your email address will not be published. Required fields are marked *