ഫെബ്രുവരി 14 മുതൽ ഷാർജയിലെ സ്വകാര്യ വിദ്യാലങ്ങളിൽ ഓൺലൈൻ പഠന രീതി നടപ്പിലാക്കാൻ തീരുമാനം

UAE

എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും 2021 ഫെബ്രുവരി 14 മുതൽ ഓൺലൈൻ പഠനരീതി നടപ്പിലാക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ഷാർജ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗവും, ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റിയും സംയുക്തമായാണ് ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഈ മാസം അവസാനം വരെ ഈ തീരുമാനം തുടരാനാണ് അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്.

ഫെബ്രുവരി 11-ന് വൈകീട്ടാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ഈ തീരുമാന പ്രകാരം ഷാർജയിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും ഫെബ്രുവരി 14 മുതൽ ഫെബ്രുവരി 28 വരെ ഓൺലൈൻ പഠനരീതിയായിരിക്കും നടപ്പിലാക്കുക. COVID-19 പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

നഴ്സറികൾ ഉൾപ്പടെ എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും ഈ തീരുമാനം ബാധകമായിരിക്കും. നിലവിലെ സാഹചര്യത്തിൽ
ഫെബ്രുവരി 14 മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ അതോറിറ്റി എമിറേറ്റിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്നും, വിദ്യാർത്ഥി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവർ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതിനെക്കുറിച്ച് ഓരോ വിദ്യാലയ അധികൃതർക്കും തീരുമാനം കൈക്കൊള്ളണമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ജീവനക്കാർക്ക് ഓരോ രണ്ടാഴ്ച്ച തോറും COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്.

എമിറേറ്റിലെ നഴ്സറികൾ ഉൾപ്പടെ മുഴുവൻ വിദ്യാലയങ്ങളിലും 100 ശതമാനം വിദൂര വിദ്യാഭ്യാസം നടപ്പിലാക്കാൻ തീരുമാനിച്ചതായി നേരത്തെ അജ്‌മാൻ അറിയിച്ചിരുന്നു.