സൗദി അറേബ്യയിലെ ഔദ്യോഗിക COVID-19 ആപ്പ് ആയ തവക്കൽനയിൽ ഉപയോഗിക്കുന്ന കളർ കോഡുകൾ വ്യക്തികളുടെ ആരോഗ്യ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നതിനായുള്ള അംഗീകൃത രീതിയാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രവാസികൾ, സന്ദർശകർ തുടങ്ങി എല്ലാ വ്യക്തികളുടെയും ആരോഗ്യ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നതിനായാണ് ആപ്പിന്റെ പ്രധാന സ്‌ക്രീനിൽ ഈ കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
തവക്കൽന ആപ്പിൽ ഉപയോഗിക്കുന്ന കളർ കോഡുകൾ സംബന്ധിച്ച വിവരങ്ങൾ:
- കടും പച്ച നിറം – ആപ്പിൽ ഉപയോഗിക്കുന്ന കടും പച്ച നിറം ഒരു വ്യക്തി COVID-19 വാക്സിന്റെ എല്ലാ ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചതായി രേഖപ്പെടുത്തുന്നു.
- പച്ച നിറം – രോഗബാധയില്ലാ എന്ന് രേഖപ്പെടുത്തുന്നതിനായാണ് പച്ച സ്റ്റാറ്റസ് ഉപയോഗിക്കുന്നത്. ആദ്യ ഡോസ് വാക്സിനെടുത്തവർക്കും ഈ സ്റ്റാറ്റസ് ലഭിക്കുന്നതാണ്. തുടർന്ന് ഒരു വ്യക്തി മുഴുവൻ ഡോസ് കുത്തിവെപ്പുകളും സ്വീകരിക്കുന്ന സാഹചര്യത്തിൽ അവരുടെ സ്റ്റാറ്റസ് കടും പച്ച നിറത്തിലേക്ക് മാറുന്നതാണ്.
- ഓറഞ്ച് നിറം – രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരെ രേഖപ്പെടുത്തുന്നതിനായാണ് ഓറഞ്ച് നിറം ഉപയോഗിക്കുന്നത്.
- ബ്രൗൺ നിറം – രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവരെ രേഖപ്പെടുത്തുന്നതിനായാണ് ബ്രൗൺ നിറം ഉപയോഗിക്കുന്നത്.
- പർപ്പിൾ നിറം – വിദേശത്ത് നിന്ന് യാത്ര കഴിഞ്ഞ് തിരികെയെത്തിയവർക്കാണ് ഈ നിറം സ്റ്റാറ്റസ് ആയി ലഭിക്കുന്നത്.
- ഗ്രേ നിറം – ഇന്റർനെറ്റ് സേവനങ്ങളിൽ തടസ്സം നേരിടുക, ഫോണിലെ ജി പി എസ് സേവനങ്ങൾ ശരിയായി പ്രവർത്തിക്കാതിരിക്കുക, ഫോൺ ലൊക്കേഷൻ കണ്ടെത്തുന്നതിനുള്ള അനുമതി നൽകാതിരിക്കുക, വി പി എൻ പോലുള്ള സേവനങ്ങൾ ഉപയോഗിക്കുക, ലൊക്കേഷൻ തെറ്റായി രേഖപ്പെടുത്തുന്ന ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക, ഉപഭോക്താവ് ഫോണുകളുടെ അംഗീകൃത സോഫ്റ്റ്വെയറിൽ മാറ്റം വരുത്തുക, വ്യക്തിയുടെ താമസയിടം കൃത്യമായി രേഖപ്പെടുത്താതിരിക്കുക, തവക്കൽന ആപ്പ് പുതുക്കാതെ പഴയ പതിപ്പ് ഉപയോഗിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ആപ്പ് കൃത്യമായി പ്രവർത്തിക്കുന്നില്ല എന്ന് രേഖപ്പെടുത്തുന്നതിനായി ഗ്രേ നിറം ഉപയോഗിക്കുന്നതാണ്.