അബുദാബിയിൽ ഫെബ്രുവരി 27-ന് സമാപിച്ച യു എ ഇ ടൂർ 2021 റോഡ് സൈക്ലിംഗ് ടൂർണമെന്റിൽ ടീം എമിറേറ്റ്സ് വിജയികളായി. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന ഏക വേൾഡ് ടൂർ സൈക്കിളിംഗ് റേസാണ് യു എ ഇ ടൂർ 2021.
ഫെബ്രുവരി 21 മുതൽ 27 വരെ യു എ യിൽ ഏഴ് ഘട്ടങ്ങളായാണ് യു എ ഇ ടൂർ 2021 സംഘടിപ്പിച്ചത്. യു എ ഇ ടൂർ 2021-ന്റെ ഏഴാമത്തെയും, അവസാനത്തെയും ഘട്ടം ഫെബ്രുവരി 27, ശനിയാഴ്ച്ച അബുദാബിയിൽ വെച്ച് നടന്നു.
അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മത്സരത്തിന് സാക്ഷ്യം വഹിച്ചു. 147 കിലോമീറ്റർ ദൈർഘ്യമുള്ള ഏഴാം ഘട്ടം യാസ് മാൾ മുതൽ അബുദാബി വരെയായിരുന്നു. വ്യക്തിഗത വിഭാഗത്തിൽ യു എ ഇ ടീം എമിറേറ്റ്സ് റൈഡർ തദെയ് പൊഗാചാർ വിജയിയായി. സ്ലോവേനിയയിൽ നിന്നുള്ള ഇദ്ദേഹം 2020-ൽ ടൂർ ദെ ഫ്രാൻസ് വിജയിയാണ്.
ഏഴ് ഘട്ടങ്ങളിലായി ആകെ 1044 കിലോമീറ്റർ ദൈർഘ്യമുള്ളതായിരുന്നു ഈ റോഡ് സൈക്ലിംഗ് റേസ്. 2021 UCI വേൾഡ് ടൂർ മത്സരത്തിലെ ആദ്യ റേസാണ് യു എ ഇ ടൂർ 2021. ഇരുപത് ടീമുകൾ പങ്കെടുത്ത യു എ ഇ ടൂർ 2021-ൽ ടീം വിഭാഗത്തിൽ ടീം എമിറേറ്റ്സ് വിജയികളായി. ആകെ 139 സൈക്കിളോട്ടക്കാരാണ് യു എ ഇ ടൂർ 2021-ൽ പങ്കെടുത്തത്.