യു എ ഇ: ‘1 ബില്യൺ മീൽസ്’ പ്രചാരണപരിപാടിയിലേക്ക് ലഭിച്ച സംഭാവന ഒരു ബില്യൺ ദിർഹം കടന്നു

GCC News

‘1 ബില്യൺ മീൽസ്’ പ്രചാരണപരിപാടിയിലേക്ക് ലഭിച്ച സംഭാവന ഒരു ബില്യൺ ദിർഹം കടന്നതായി യു എ ഇ അധികൃതർ വ്യക്തമാക്കി. 2023 ഏപ്രിൽ 18-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ പ്രചാരണപരിപാടിയിലേക്ക് 250 മില്യൺ ദിർഹം സംഭാവന ചെയ്തതായും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. ഇതോടെ ഈ പ്രചാരണപരിപാടിയിലേക്കുള്ള ആകെ സംഭാവന 1.075 ബില്യൺ ദിർഹം ആയിട്ടുണ്ട്.

“യു എ ഇയിലെ ജനങ്ങൾക്കിടയിൽ സഹായമനസ്‌കതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിശിഷ്ടമായ സമയമാണ് റമദാൻ. അന്തരിച്ച ഷെയ്ഖ് സായിദ് നമ്മളിൽ വളർത്തിയ മൂല്യങ്ങളെ ഈ കാലം ഓർമ്മപ്പെടുത്തുന്നു. ഭക്ഷ്യക്ഷാമത്തെ അഭിസംബോധന ചെയ്യുന്നതിനും, വിശപ്പ് നിർമ്മാർജ്ജനം ചെയ്യുന്നതിനുമുള്ള ഈ പദ്ധതിയിലേക്കുള്ള സംഭാവനകൾ തുടരാൻ ഞാൻ ആഹ്വാനം ചെയ്യുന്നു. ഈ പദ്ധതിയിൽ ഇതുവരെ പങ്കാളികളായവരോട് ഞാൻ നന്ദി അറിയിക്കുന്നു.”, ഈ അവസരത്തിൽ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

റമദാൻ മാസത്തിൽ പ്രാദേശികതലത്തിലും, അന്താരാഷ്ട്രതലത്തിലുമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ആഗോളതലത്തിൽ ഭക്ഷ്യക്ഷാമത്തെ അഭിസംബോധന ചെയ്യുന്നതിനും, വിശപ്പ് നിർമ്മാർജ്ജനം ചെയ്യുന്നതിനുമുള്ള സുസ്ഥിര പദ്ധതികൾ ഒരുക്കുകയാണ് ഈ പ്രചാരണപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലേക്ക് ഇതുവരെ ഒരുലക്ഷത്തിഎൺപതിനായിരത്തോളം പേർ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇതിൽ വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവർ ഉൾപ്പെടുന്നു.

‘1 ബില്യൺ മീൽസ്’ പ്രചാരണപരിപാടിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഇതിനായി ഉപയോഗപ്പടുത്താവുന്ന അഞ്ച് മാർഗ്ഗങ്ങൾ സംബന്ധിച്ച് ദുബായ് അധികൃതർ നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഈ പ്രചാരണപരിപാടിയിലേക്ക് വ്യക്തികൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, സ്വകാര്യ സ്ഥാപനങ്ങൾക്കും, മനുഷ്യസ്‌നേഹികൾക്കും ഇതിന്റെ വെബ്സൈറ്റ്, SMS, ബാങ്ക് ട്രാൻസ്ഫർ, ദുബായ്നൗ ആപ്പ് മുതലായ മാർഗങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സംഭാവനകൾ നൽകാവുന്നതാണ്.

Cover Image: WAM.