അബുദാബി വിമാനത്താവളത്തിലൂടെ പ്രവേശിക്കുന്ന മറ്റു എമിറേറ്റുകളിലേക്കുള്ള യാത്രികർക്ക് ക്വാറന്റീൻ ഇല്ലാതെ യാത്ര തുടരാമെന്ന് വിസ് എയർ

UAE

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പ്രവേശിക്കുന്ന മറ്റു എമിറേറ്റുകളിലേക്കുള്ള യാത്രികർക്ക് ക്വാറന്റീൻ കൂടാതെ അതാത് എമിറേറ്റുകളിലേക്ക് ഉടൻ തന്നെ യാത്ര തുടരാമെന്ന് വിസ് എയർ അബുദാബി വ്യക്തമാക്കി. വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാരും, പ്രവാസികളും, സന്ദർശകരും ഉൾപ്പടെയുള്ള COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള മുഴുവൻ യാത്രികർക്കും 2021 സെപ്റ്റംബർ 5, ഞായറാഴ്ച്ച മുതൽ ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് വിസ് എയർ അബുദാബി ഈ അറിയിപ്പ് നൽകിയത്.

വിസ് എയർ അബുദാബി വിമാനങ്ങളിൽ സഞ്ചരിക്കുന്ന മുഴുവൻ യാത്രികർക്കും അബുദാബിയിലെ പ്രവേശന മാനദണ്ഡങ്ങൾ ബാധകമാണെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.വിസ് എയർ ഏതെൻസ്, അലക്സാൻഡ്രിയ, ബഹ്‌റൈൻ, ബെൽഗ്രേഡ്, ഒഡേസ, സാരയെവോ, തെസ്സലോനികി, ടിറാന തുടങ്ങിയ പട്ടണങ്ങളിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തുന്നുണ്ട്.

അബുദാബിയിലേക്ക് പ്രവേശിച്ച ഉടൻ തന്നെ ദുബായ്, ഷാർജ, മറ്റു എമിറേറ്റുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് സഞ്ചരിക്കുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന് വിസ്‌ എയർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം യാത്രികർ ഇക്കാര്യം എയർപോർട്ടിലെ മെഡിക്കൽ അധികൃതരെ അറിയിക്കേണ്ടതാണ്. ഇവർ മറ്റു എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നതിനായി ഔദ്യോഗിക എയർപോർട്ട് ടാക്സികൾ ഉപയോഗിക്കേണ്ടതാണ്.

അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും (വാക്സിനെടുത്തവരും, അല്ലാത്തവരും ഉൾപ്പടെ) യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. എല്ലാ യാത്രികർക്കും അബുദാബിയിലെ വിമാനത്താവളത്തിൽ നിന്ന് ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്.

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് സെപ്റ്റംബർ 5 മുതൽ ബാധകമാക്കിയിട്ടുള്ള യാത്രാ നിർദ്ദേശങ്ങൾ:

  • COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനം മറ്റൊരു COVID-19 PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.
  • COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർ, ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ സെപ്റ്റംബർ 5 മുതൽ ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം നാല്, എട്ട് ദിനങ്ങളിൽ COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്.

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടില്ലാത്തവർക്ക് സെപ്റ്റംബർ 5 മുതൽ ബാധകമാക്കിയിട്ടുള്ള യാത്രാ നിർദ്ദേശങ്ങൾ:

  • COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാതെ, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനത്തിലും, ഒമ്പതാം ദിനത്തിലും വീണ്ടും COVID-19 PCR ടെസ്റ്റുകൾ നടത്തേണ്ടതാണ്.
  • COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്തവർ ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ പത്ത് ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ഒമ്പതാം ദിനത്തിൽ മറ്റൊരു COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്.

COVID-19 സുരക്ഷിത രാജ്യങ്ങളായി കണക്കാക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ ഏറ്റവും പുതുക്കിയ പട്ടിക (2021 സെപ്റ്റംബർ 6-ന് പ്രസിദ്ധീകരിച്ചത്) https://pravasidaily.com/abu-dhabi-to-update-green-list-of-covid-19-safe-countries-from-september-6-2021/ എന്ന വിലാസത്തിൽ ലഭ്യമാണ്.

വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും, പ്രവാസികൾക്കും, സന്ദർശകർക്കും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ 2021 സെപ്റ്റംബർ 5, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു.

വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് യാത്രചെയ്യുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, വിനോദസഞ്ചാരികൾക്ക് 2021 സെപ്റ്റംബർ 5 മുതൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്.

WAM