യു എ ഇയുടെ അമ്പത്തിരണ്ടാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ 2023 ഡിസംബർ 2-ന് എക്സ്പോ സിറ്റി ദുബായിൽ വെച്ച് സംഘടിപ്പിക്കും. 2023 നവംബർ 21-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അമ്പത്തിരണ്ടാമത് നാഷണൽ ഡേ ഓർഗനൈസിംഗ് കമ്മിറ്റി അധികൃതരെ ഉദ്ധരിച്ചാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യു എ ഇ എന്ന രാജ്യത്തിന്റെ ഒത്തൊരുമ, കൂട്ടായ പ്രവർത്തനം, സുസ്ഥിരതയിലൂന്നിയുള്ള രാജ്യത്തിന്റെ ഇതുവരെയുള്ള പ്രയാണം എന്നിവ എടുത്ത് കാട്ടുന്ന രീതിയിലായിരിക്കും ഈ നാഷണൽ ഡേ ഔദ്യോഗിക ചടങ്ങ് സംഘടിപ്പിക്കുന്നത്.
COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടി, സുസ്ഥിരതാ വർഷം എന്നിവ നടക്കുന്ന പശ്ചാത്തലത്തിലാണ് യു എ ഇ ഇത്തവണ ദേശീയ ദിനം ആഘോഷിക്കുന്നത്. ഈ സാഹചര്യത്തിൽ നാഷണൽ ഡേ ഔദ്യോഗിക ചടങ്ങിൽ സുസ്ഥിരത പ്രമേയമായുള്ള നൂതന സാങ്കേതികവിദ്യകൾ, ഭാവി പദ്ധതികൾ എന്നിവ ഉൾപ്പെടുത്തുന്നതാണ്.
ഇതിന്റെ പ്രതീകം എന്ന രീതിയിൽ ഈ ചടങ്ങിൽ പരമ്പരാഗത നെയ്ത്ത് വിദ്യയിലൂടെ ഒത്തൊരുമ, സുസ്ഥിരത തുടങ്ങിയ ചരടുകളെ യു എ ഇയുടെ അതിഗംഭീരമായ പൈതൃകവുമായി ബന്ധിപ്പിക്കുന്ന തരത്തിൽ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി ഉൾപ്പെടുത്തുന്നതാണ്. എമിറാത്തി സംസ്കാരം, പാരമ്പര്യം തുടങ്ങിയവയെ അവതരിപ്പിക്കുന്ന ഈ പരിപാടി രാജ്യത്തിന്റെ പൂർവികരുടെ പൈതൃകം, പരമ്പരാഗത ആശയങ്ങളുടെയും നൂതന സാങ്കേതികവിദ്യകളുടെയും സമന്വയം എന്നിവ എടുത്ത് കാട്ടുന്നു.
ഈ ഔദ്യോഗിക ദേശീയ ദിനാഘോഷ ചടങ്ങുകൾ https://www.unionday.ae/ എന്ന വെബ്സൈറ്റിലും, എല്ലാ പ്രാദേശിക ടിവി ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.
WAM